Advertisement

സിബിഐ അഞ്ചാം ഭാഗത്തിന്റെ ടീസർ യൂട്യൂബ് ട്രെന്റിങ്ങിൽ ഒന്നാം സ്ഥാനത്ത്

April 7, 2022
1 minute Read
cbi

മമ്മൂട്ടി നായകനായെത്തുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ ടീസറിന് ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ ലഭിച്ചത് രണ്ട് മില്യണിലധികം കാഴ്ച്ചക്കാരെ. യൂട്യൂബ് ട്രെന്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് ടീസർ. 2. 8 മില്യൺ പേരാണ് ഇതുവരെ ഇത് കണ്ടത്. ടീസർ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സിനിമയുടെ അണിയറ പ്രവർത്തകരും രം​ഗത്തെത്തി. ചിത്രത്തിന്റെ റിലീസിനെപ്പറ്റി തീരുമാനമുണ്ടായിട്ടില്ല.

സൈന മൂവീസിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഒന്നര മിനിട്ട് ദൈർഘ്യമുള്ള ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. സേതുരാമയ്യരായി മമ്മൂട്ടിയുടെ മാനറിസങ്ങളും ഐക്കോണിക് ബിജിഎമുമൊക്കെ ഉൾപ്പെടുത്തിയുള്ള ടീസർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകളെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

സഞ്ജയ് ഗാന്ധി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട ചിലത് സിനിമയിലുണ്ടെന്നാണ് ടീസർ നൽകുന്ന സൂചന. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സ്വര്‍ഗചിത്രയാണ് നിര്‍മ്മാണം. അഖില്‍ ജോര്‍ജ് ആണ് ക്യാമറ. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും ജേക്‌സ് ബിജോയ് മ്യൂസിക്കും നിര്‍വഹിക്കും. 3 വർഷം കൊണ്ടാണ് എസ് എൻ സ്വാമി തിരക്കഥ പൂർത്തിയാക്കിയത്.

Read Also : സേതുരാമയ്യരുടെ അഞ്ചാം വരവ്; ടീസർ വൈറൽ

മുന്‍ സേതുരാമയ്യര്‍ സിനിമകളിലെ താരങ്ങളില്‍ മമ്മൂട്ടി ഒഴികെ മറ്റ് താരങ്ങളൊന്നും ഈ സിനിമയില്‍ ഉണ്ടാവില്ലെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചില സുപ്രധാന താരങ്ങള്‍ ഈ സിനിമയിലും ഉണ്ടാവുമെന്നാണ് വിവരം. ജഗതി ശ്രീകുമാര്‍, മുകേഷ്, സായ് കുമാര്‍, ആശാ ശരത്, സൗബിന്‍ ഷാഹിര്‍, കനിഹ തുടങ്ങി വമ്പര്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക.

32 വര്‍ഷങ്ങള്‍ക്കു മുന്‍പ്, 1988ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെ ആരംഭിച്ച സിനിമാ പരമ്പര മമ്മൂട്ടിയുടെ കരിയറിലും മലയാള സിനിമയിലും ശ്രദ്ധേയമായ സ്വാധീനമാണ് ചെലുത്തിയത്. ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ സിനിമകളാണ് ഇതുവരെ പരമ്പരയില്‍ പുറത്തിറങ്ങിയത്. ഈ സിനിമയോടെ സേതുരാമയ്യര്‍ സിബിഐ പരമ്പര അവസാനിക്കുമെന്നും സൂചനയുണ്ട്.

Story Highlights: CBI Teaser YouTube Trending

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top