24 ഇംപാക്ട്: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ മരുന്ന് ദുരുപയോഗത്തില്‍ ഇടപെട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മരുന്ന് സൂക്ഷിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലെന്ന ട്വന്റിഫോര്‍ വാര്‍ത്തയില്‍ ഇടപെട്ട് ആരോഗ്യമന്ത്രി. വിഷയത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിനോട് മന്ത്രി വീണാ ജോര്‍ജ് അടിയന്തര റിപ്പോര്‍ട്ട് തേടി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. എല്ലാ ആശുപത്രികളിലും ശീതീകരണ സംവിധാനം വേണം. ജനറല്‍ ആശുപത്രിയില്‍ ശീതീകരണ സംവിധാനം നടപ്പാക്കാത്തത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. (minister veena george intervenes 24 news about general hospital trivandrum)
ഉപയോഗം കഴിഞ്ഞതും അല്ലാത്തതുമായ മരുന്നുകള്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് പുറത്തുവിട്ടിരുന്നു. ആശുപത്രികളില്‍ മരുന്ന് സൂക്ഷിക്കുന്നതില്‍ ശീതീകരണ സംവിധാനം വേണമെന്ന ആരോഗ്യവകുപ്പ് ഉത്തരവും നടപ്പിലാക്കപ്പെട്ടിരുന്നില്ല.
വൃത്തിഹീനമായ ചുറ്റുപാടിലാണ് ആശുപത്രി സ്റ്റോറില്‍ മരുന്നുകള്‍ സൂക്ഷിച്ചിരിക്കുന്നത്. പലയിടത്തും മരുന്നുകള്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നു. 2015ലാണ് ആശുപത്രികളില്‍ മരുന്ന് സൂക്ഷിക്കുന്നതില്‍ ശീതീകരണ സംവിധാനം വേണമെന്ന് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. എന്നാല്‍ നാളിതുവരെ ജനറല്‍ ആശുപത്രിയില്‍ അത്തരമൊരു സംവിധാനമേയില്ല. 25 ഡിഗ്രിയില്‍ താഴെ സൂക്ഷിക്കേണ്ട മരുന്നുകള്‍ ഇപ്പോഴും ശീതീകരിക്കാത്ത മുറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
സെമിനാറിന് കെ വി തോമസെത്തുമോ?; സസ്‌പെന്‍സ് തുടരുന്നതിനിടെ പ്രതീക്ഷ പ്രകടിപ്പിച്ച് എം വി ജയരാജന്‍Read Also :
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നവീകരണം 2016ല്‍ തുടങ്ങിയിരുന്നെങ്കിലും നാളിതുവരെ പൂര്‍ത്തിയായിട്ടില്ല. സ്റ്റോര്‍ നവീകരണത്തിന് പിഡബ്ല്യുഡി എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയിട്ടും തുടര്‍നടപടിയുണ്ടായതുമില്ല. മരുന്നുസൂക്ഷിക്കുന്നതിനുള്ള കെടുകാര്യസ്ഥത സംസ്ഥാന സ്റ്റോര്‍ വെരിഫിക്കേഷന്‍ നടത്തിയ പരിശോധനയിലും കണ്ടെത്തിയിരുന്നു.
അതേസമയം ഗുരുതരമായ ക്രമക്കേടുകളും അഴിമതികളും കണ്ടെത്തിയ ജനറല്‍ ആശുപത്രിയില്‍ മാസങ്ങളായി സൂപ്രണ്ട് തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ആര്‍എംഒയുടെ ചുമതല മറ്റൊരു മെഡിക്കല്‍ ഓഫിസര്‍ക്കും നല്‍കിയിരിക്കുകയാണ്.
നേരത്തെ ഇതേ ആശുപത്രിയിലെ സ്റ്റോര്‍ കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ചയെന്ന് പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അനാവശ്യമായി സാധന സാമഗ്രികള്‍ വാങ്ങിക്കൂട്ടിയെന്നും കാലാവധി കഴിഞ്ഞ മരുന്നുകള്‍ സ്റ്റോറില്‍ സൂക്ഷിച്ചെന്നുമായിരുന്നു കണ്ടെത്തല്‍. ആരോഗ്യ വകുപ്പിന്റെ സ്റ്റോഴ്‌സ് വേരിഫിക്കേഷന്‍ സംഘമാണ് പരിശോധന നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചിരുന്നു.
സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ക്കായി ജനം വലയുന്നതിനിടെയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്ന് മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചത്. സ്റ്റോര്‍ സൂക്ഷിപ്പിലെ ക്രമക്കേടില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
Story Highlights: minister veena george intervenes 24 news about general hospital trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here