കോണ്‍ഗ്രസിന് ‘കമ്മ്യൂണിസ്റ്റ് വിരുദ്ധ ഫോബിയ’; പിസി ചാക്കോ

കെവി തോമസിനെ എന്‍സിപിയിലേക്ക് ക്ഷണിച്ച് പിസി ചാക്കോ. തോമസിനെപ്പോലെ സമാന തീരുമാനം എടുക്കാന്‍ ശശി തരൂരിന് കഴിഞ്ഞില്ല. കോണ്‍ഗ്രസ് നേതൃത്വത്തിന് കമ്മ്യൂണിസ്റ്റ് വിരുദ്ധ ഫോബിയ ബാധിച്ചിരിക്കുകയാണെന്നും ചാക്കോ കുറ്റപ്പെടുത്തി. വിലക്ക് ലംഘിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് കെവി തോമസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ക്ഷണം.
വിഷയം വിശാല അർത്ഥത്തിൽ കാണണം. കോൺഗ്രസ് നേതൃത്വത്തിന്‍റേത് സങ്കുചിത കാഴ്ചപ്പാടാണ്. തോമസ് പറഞ്ഞ പല കാര്യങ്ങളിലും താനും അനുഭവസ്ഥനെന്നും പി സി ചാക്കോ പറഞ്ഞു. വിലക്കുകള്‍ തള്ളി സിപിഐഎം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായുള്ള ദേശീയ സെമിനാറിൽ പങ്കെടുക്കുമെന്നാണ് കെ വി തോമസ് ഇന്ന് വ്യക്തമാക്കിയത്.
തോമസിന് പുറത്ത് പോവേണ്ടിവന്നാല്‍ രാഷ്ട്രീയ അഭയം നല്‍കുമെന്ന് സിപിഐഎം നേതാക്കള്‍ നിലപാട് അറിയിച്ചിരുന്നു. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, മുതിര്‍ന്ന നേതാവ് ഇപി ജയരാജന്‍ എന്നിവരാണ് വിഷയത്തില്‍ പരസ്യമായി നിലപാട് എടുത്തത്. കെവി തോമസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന്റെ പേരില്‍ വഴിയാധാരമാവില്ലെന്നാണ് സിപിഐഎം നല്‍കിയ വാഗ്ദാനം.
അതേസമയം വിലക്ക് മറികടന്ന കെവി തോമസിനെ കോൺഗ്രസ് പുറത്താക്കുമോ എന്ന് ഇന്ന് അറിയാം. തീരുമാനം ഇന്നുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. തോമസ് എഐസിസി അംഗമാണെന്നും ഹൈക്കമാന്‍ഡുമായി ചർച്ച നടത്തിയ ശേഷം തീരുമാനം അറിയിക്കാമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. താൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. സ്വാഭാവിക പ്രതികരണമാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: pc chacko welcomes kv thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here