ഫോണില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങളില്ലായിരുന്നു; ഉണ്ടായിരുന്നത് കോടതി രേഖകളെന്ന് സായ് ശങ്കര്‍

ഫോണില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങളില്ലായിരുന്നെന്നും ഉണ്ടായിരുന്നത് കോടതി രേഖകളാണെന്നും സായ് ശങ്കര്‍ ട്വന്റിഫോറിനോട്. വിചാരണക്കോടതിയിലെ സാക്ഷിമൊഴികള്‍ ഉള്‍പ്പടെ ഫോണുകളിലുണ്ടായിരുന്നു. വധഗൂഢാലോചനക്കേസില്‍ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും. ഫോണിലെ രേഖകള്‍ നശിപ്പിച്ചത് ദിലീപിന്റെ അഭിഭാഷകരുടെ ആവശ്യപ്രകാരമാണ്. കോടതിയിലെ സാക്ഷിമൊഴികളടക്കം മായ്ച്ച് കളഞ്ഞിട്ടുണ്ട്. ഇതെല്ലാം വീണ്ടെടുക്കാവുന്നതാണ്. 2020 മുതല്‍ അഡ്വ. രാമന് പിള്ള അസോസിയേറ്റ്സിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. കീഴടങ്ങിയത് മറ്റ് വഴികളില്ലാത്തതിനാലാണെന്നും സായ് ശങ്കര്‍ വ്യക്തമാക്കി.
സായ് ശങ്കറിന് ഇന്നാണ് ജാമ്യം ലഭിച്ചത്. ദീലീപിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തതെന്നാണ് സായ് ശങ്കറിന്റെ മൊഴി. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ നശിപ്പിക്കാന്‍ സായ് ശങ്കര്‍ സഹായിച്ചു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
Read Also : ഫോണിലെ വിഡിയോകളും ചിത്രങ്ങളും വീണ്ടെടുക്കാമെന്ന് സായ് ശങ്കര്‍ ട്വന്റിഫോറിനോട്
നേരത്തെ ഇയാളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്നെ കുടുക്കാന്‍ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സായ് ശങ്കര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെയാണ് ക്രൈംബ്രാഞ്ച് അപ്രതീക്ഷിതമായി സായ് ശങ്കറിനെ അറസ്റ്റ് ചെയ്തത്.
അതേസമയം, വധഗൂഢാലോചന കേസില്‍ നടി കാവ്യാമാധവന് ക്രൈംബ്രാഞ്ച് നോട്ടിസയച്ചു. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ നോട്ടിസ് നല്‍കുമെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ അറിയിച്ചിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
Story Highlights: no scenes of the actress being attacked on the phone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here