ഐപിഎൽ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് ജയം

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് 44 റണ്‍സിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 19.4 ഓവറില്‍ 171ന് എല്ലാവരും പുറത്തായി. കൊൽക്കത്തക്കായി ക്യാപ്റ്റൻ ശ്രേയസ് അയ്യർ (54) നേടി. നിതീഷ് റാണെ (30) റൺസെടുത്തു. ഡൽഹിക്കായി കുൽദീപ് യാദവ് നാലും ഖലീൽ അഹമ്മദ് മൂന്നും വിക്കറ്റ് വീഴ്ത്തി. ശാർദൂൽ ഠാക്കൂർ രണ്ട് വിക്കറ്റ് നേടി.
കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കൊല്‍ക്കത്തയ്ക്ക് മൂന്നാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. മികച്ച തുടക്കത്തിനായി തകര്‍ത്തടിച്ച വെങ്കടേഷ് അയ്യര്‍ എട്ടു പന്തില്‍ നിന്ന് 18 റണ്‍സുമായി മടങ്ങി. പിന്നാലെ അജിങ്ക്യ രഹാനെ (14 പന്തില്‍ നിന്ന് 8) വീണ്ടും നിരാശപ്പെടുത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ഓപ്പണര്‍മാരായ പൃഥ്വി ഷായുടെയും ഡേവിഡ് വാര്‍ണറുടെയും ഇന്നിങ്സ് മികവില്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തിരുന്നു. 45 പന്തില്‍ നിന്ന് രണ്ട് സിക്സും ആറ് ഫോറുമടക്കം 61 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.
കൊല്‍ക്കത്തയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് ഷായും വാര്‍ണറും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ഡല്‍ഹിക്ക് സമ്മാനിച്ചത്. ഇരുവരും 8.4 ഓവറില്‍ 93 റണ്‍സ് അടിച്ചുകൂട്ടി. കഴിഞ്ഞ മത്സരത്തിലെ ഫോം തുടര്‍ന്ന ഷാ 29 പന്തില്‍ നിന്ന് രണ്ട് സിക്സും ഏഴ് ഫോറുമടക്കം 51 റണ്‍സടിച്ചു. ഒമ്പതാം ഓവറില്‍ ഷായെ വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
Read Also : ഐ.പി.എൽ, ചെന്നൈയ്ക്ക് നാലാം തോൽവി; ഹൈദരാബാദിന് അനായാസജയം
തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഋഷഭ് പന്തും കൊല്‍ക്കത്ത ബൗളര്‍മാര്‍ക്കെതിരേ ആക്രമണമഴിച്ചുവിട്ടു. 14 പന്തില്‍ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 27 റണ്‍സെടുത്ത് മടങ്ങിയ പന്ത്, വാര്‍ണര്‍ക്കൊപ്പം രണ്ടാം വിക്കറ്റില്‍ 55 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി.
തുടര്‍ന്നെത്തിയ ലളിത് യാദവ് (1), റോവ്മാന്‍ പവല്‍ (8) എന്നിവര്‍ നിരാശപ്പെടുത്തി. എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച അക്ഷര്‍ പട്ടേലും ശാർദൂൽ ഠാക്കൂറും ചേര്‍ന്ന് ഡല്‍ഹിയെ 200 കടത്തുകയായിരുന്നു. അക്ഷര്‍ 14 പന്തില്‍ നിന്ന് 22 റണ്‍സും ഠാക്കൂർ 11 പന്തില്‍ നിന്ന് 29 റണ്‍സും അടിച്ചെടുത്തു.
Story Highlights: IPL- Kolkata all out for 171, Delhi win by 44 runs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here