റഷ്യയ്‌ക്കെതിരെ ഇന്ത്യ നിലപാട് കടുപ്പിക്കാന്‍ ബൈഡന്‍ ആഗ്രഹിക്കുന്നതായി വൈറ്റ് ഹൗസ്

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം നീളുന്ന പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ ഇന്ത്യ നിലപാട് കടുപ്പിക്കണമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആഗ്രഹിക്കുന്നതെന്ന് വൈറ്റ് ഹൗസ്. മോദി- ബൈഡന്‍ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ് യു എസ് പ്രസ് സെക്രട്ടറി ജെന്‍ സാകിയുടെ പ്രസ്താവന. റഷ്യന്‍ അധിനിവേശത്തിനെതിരെ ഇന്ത്യ തണുപ്പന്‍ പ്രതികരണമാണ് രേഖപ്പെടുത്തുന്നത് എന്ന വിമര്‍ശനത്തിനിടെയാണ് വൈറ്റ് ഹൗസിന്റെ അഭിപ്രായ പ്രകടനം. (Biden wants India to oppose Russia says white house)
റഷ്യയ്‌ക്കെതിരെ ഇന്ത്യ നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കുന്നതില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും യുക്രൈനും അതൃപ്തിയിലാണ്. എന്നാല്‍ ഇന്ത്യയുടെ നിലപാടിനെ റഷ്യ അഭിനന്ദിച്ചിരുന്നു. എന്നിരിക്കിലും
യുക്രെയ്‌നിലെ ബുച്ചയില്‍ നടന്ന കൂട്ടക്കൊലയില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബുച്ചയിലെ കൂട്ടക്കൊല ഗുരുതരമായി കാണണമെന്നും സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും ഇന്ത്യ യു എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ആവശ്യപ്പെട്ടു. ബുച്ചയിലെ കൊലപാതകങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അഗാധമായ അസ്വസ്ഥത ഉളവാക്കുന്നുണ്ടെന്ന് ഇന്ത്യന്‍ പ്രതിനിധി ടിഎസ് തിരുമൂര്‍ത്തി പറഞ്ഞു. ഈ കൊലപാതകങ്ങളെ അപലപിക്കുന്നതായും സ്വതന്ത്രമായ അന്വേഷണത്തെ പിന്തുണയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുദ്ധംമൂലം വിലക്കയറ്റം ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് യുഎന്‍ വേദിയില്‍ ടി എസ് തിരുമൂര്‍ത്തി ചൂണ്ടിക്കാട്ടി. നിരപരാധികളായ മനുഷ്യരുടെ ജീവന്‍ തെരുവുകളില്‍ പൊലിയുന്ന ഈ ഘട്ടത്തില്‍ നയതന്ത്രത്തിലൂടെ ഈ സംഘര്‍ഷത്തിന് അതിവേഗം പരിഹാരം കാണണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
യുക്രൈനിലെ സ്ഥിതിഗതികള്‍ മോദി- ബൈഡന്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും, വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും തമ്മിലുള്ള യുഎസ്ഇന്ത്യ 2+2 യോഗത്തിന് മുന്നോടിയായാണ് കൂടിക്കാഴ്ച.
കൊവിഡ് സാഹചര്യം, കാലാവസ്ഥാ പ്രശ്‌നങ്ങള്‍, ആഗോള സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തല്‍ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ഇരുനേതാക്കളും ചര്‍ച്ചകള്‍ നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഒപ്പം റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആഗോള ഭക്ഷ്യ വിതരണത്തിലും ചരക്ക് വിപണിയിലുമുണ്ടാക്കിയ പ്രതിഫലനങ്ങളും ചര്‍ച്ചയായേക്കും.
Story Highlights: Biden wants India to oppose Russia says white house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here