മുന്നിൽ നിന്ന് നയിച്ച് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ; ഗുജറാത്തിനെതിരെ സൺറൈസേഴ്‌സിന് ജയം

ഐപിഎല്ലിൽ ഹൈദരാബാദ് സൺറൈസേഴ്‌സിനോട് 8 വിക്കറ്റിന് പരാജയപ്പെട്ട് ഗുജറാത്ത് ടൈറ്റൻസ്. മൂന്ന് മത്സരങ്ങൾ തുടർച്ചയായി വിജയിച്ച ഗുജറാത്തിന്റെ ആദ്യതോൽവിയാണിത്. തുടർച്ചയായ രണ്ടാം വിജയത്തോടെ ഹൈദരാബാദ് സൺറൈസേഴ്‌സ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
20 ഓവറിൽ 7 വിക്കറ്റിന് 162 റൺസാണ് ഗുജറാത്ത് ടൈറ്റൻസ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് സൺറൈസേഴ്‌സ് 19.1 ഓവറിൽ രണ്ട് വിക്കറ്റിന് 168 റൺസെടുത്തു.
Read Also : ഐപിഎൽ 2022; സഞ്ജുപ്പട ബാറ്റ് ചെയ്യും; ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫീൽഡ് ചെയ്യും
ഹൈദരാബാദിനായി ഓപ്പണർമാരായ അഭിഷേക് ശർമ്മയും (32 പന്തിൽ 42) ക്യാപ്റ്റൻ കെയ്ൻ വില്യംസണും ചേർന്ന് ഒന്നാം വിക്കറ്റിൽ 64 റൺസ് കൂട്ടിച്ചേർത്തു. ഒൻപതാം ഓവറിൽ മുൻ ഹൈദരാബാദ് താരം റഷീദ് ഖാനിന്റെ പന്തിൽ അഭിഷേക് മടങ്ങി. ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യ എറിഞ്ഞ പതിമൂന്നാം ഓവറിൽ രണ്ട് സിക്സറുകളോടെ വില്യംസൺ സ്കോറിങ്ങിന് വേഗതകൂട്ടി.
ലോക്കി ഫെർഗ്യൂസനെ ഫൈൻലെഗിന് മുകളിലൂടെ സിക്‌സർ പറത്തിയാണ് ഹൈദരാബാദ് നായകൻ അർധശതകം പൂർത്തിയാക്കിയത്. പക്ഷെ പതിനേഴാം ഓവർ എറിയാനെത്തിയ ഗുജറാത്ത് നായകൻ ഹാർദിക് ഹൈദരാബാദ് നായകൻ വില്യംസണെ പുറത്താക്കി. വിക്കറ്റ്‌കീപ്പർ ബാറ്റർ നിക്കോളാസ് പുരാനാണ് ഹൈദരാബാദിനെ വിജയതീരത്ത് എത്തിച്ചത്. നിക്കോളാസ് പുരാൻ 21 പന്തിൽ 35 റൺസടിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസെടുത്തത്. നാലു ഫോറും ഒരു സിക്സും സഹിതം 42 പന്തിൽ അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. ഐപിഎല്ലിൽ പാണ്ഡ്യയുടെ ഏറ്റവും വേഗം കുറഞ്ഞ അർധസെഞ്ച്വറിയാണ് ഇന്ന് പിറന്നത്.
Story Highlights: ipl Sunrisers win over Gujarat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here