ലൗ ജിഹാദ് വിവാദത്തിന് പിന്നില്‍ യുഡിഎഫിന്റെ ആസൂത്രിത നീക്കമെന്ന് ജോര്‍ജ് എം തോമസ്; സിപിഐഎം വിശദീകരണം യോഗം തുടങ്ങി

കോടഞ്ചേരി ലൗ ജിഹാദ് വിവാദത്തില്‍ സിപിഐഎം രാഷ്ട്രീയ വിശദീകരണ യോഗം ആരംഭിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്, മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസ് എന്നിവരടക്കമുള്ള നേതാക്കള്‍ വിശദീകരണ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. (cpim meeting on love jihad row)
പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള യുഡിഎഫിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ലൗ ജിഹാദ് വിവാദമെന്ന നിലപാടിലാണ് ജോര്‍ജ് എം തോമസ്. തന്നെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ജോര്‍ജ് എം തോമസ് പറയുന്നു. പാര്‍ട്ടി കടന്നാക്രമിക്കപ്പെടുമ്പോള്‍ പാര്‍ട്ടിയെ സംരക്ഷിക്കണം. നാവിന്റെ പിഴ മനസിന്റെ കുറ്റമല്ലെന്നും ജോര്‍ജ് എം തോമസ് പറഞ്ഞു.
പാര്‍ട്ടിക്ക് താന്‍ യാതൊരുവിധത്തിലുമുള്ള പോറലുണ്ടാക്കിയിട്ടില്ലെന്ന നിലപാടില്‍ത്തന്നെ മുന്‍ എംഎല്‍എ ഉറച്ചുനില്‍ക്കുകയാണ്. അതേസമയം ജോര്‍ജ് എം.തോമസിന് പിശക് പറ്റിയെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന് അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ സമീപച്ച ഘട്ടത്തില്‍ മാധ്യമങ്ങളോട് അഭിപ്രായം നടത്തുന്നതിനിടയില്‍ സിപിഐഎമ്മിന്റെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് എം.തോമസ് ചില പരാമര്‍ശം നടത്തിയതായി മാധ്യമങ്ങളില്‍ കാണാനായി. ഇതിനകത്ത് ലൗജിഹാദ് ഒന്നും തന്നെ ഉള്‍പ്പെട്ടിട്ടേയില്ല. അത്തരം കാര്യങ്ങളൊന്നും ഈ വിവാഹവുമായി ബന്ധപ്പെട്ടില്ലെന്നും മോഹനന് പറഞ്ഞു.
രാജ്യത്ത് മതന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ആക്രമിക്കാനും ആക്ഷേപിക്കാനും ബോധപൂര്‍വം കൊണ്ടുവരുന്ന ക്രുപ്രചാരണമാണ് ലൗ ജിഹാദ്. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ജോര്‍ജ് എം തോമസിന് പിഴവ് സംഭവിച്ചിട്ടുണ്ട്. പിഴവ് അദ്ദേഹം തന്നെ അംഗീകരിച്ചുവെന്നും പി.മോഹനന് പറഞ്ഞു.
വിവാഹിതര്‍ ഒളിച്ചോടിയത് ശരിയായില്ല. ഷെജിന്‍ നേരത്തെ അറിയിച്ചിരുന്നെങ്കില്‍ പാര്‍ട്ടി ഇടപെട്ട് വിവാഹം നടത്തികൊടുക്കുമായിരുന്നു. ലൗ ജിഹാദ് വിഷയത്തില്‍ സിപിഐഎം നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: cpim meeting on love jihad row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here