കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതിൽ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതിൽ അന്വേഷണ സംഘം ഇന്ന് അന്തിമ തീരുമാനം എടുത്തേക്കും. കേസിൽ പ്രതിയാണെന്ന് സംശയിക്കുന്നതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നായിരിക്കും ആവശ്യപ്പെടുക. നടിയെ ആക്രമിച്ച ഗൂഢാലോചനയിൽ കാവ്യക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന പുതിയ നോട്ടിസാകും നൽകുക. ( kavya madhavan questioning final decision today )
സങ്കേതിക സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്ന ഒരിടം മൊഴി എടുക്കുന്നതിനായി വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് അന്വേഷണ സംഘം. അതേ സമയം കാവ്യയെ കേസിൽ പ്രതി ചേർത്തേക്കാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളി കളയുന്നില്ല. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരുടെയും മൊഴിയും ഉടൻ തന്നെ അന്വേഷണ സംഘം രേഖപ്പെടുത്തും.
കാവ്യ മാധവനെ ഇന്നലെ രാവിലെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നുവെങ്കിലും അനിശ്ചിതത്വത്തിലായിരുന്നു അന്വേഷണ സംഘം. തുടർന്ന് ഇന്നലെ ചോദ്യം ചെയ്യില്ല എന്ന തീരുമാനത്തിൽ എത്തി. ചോദ്യം ചെയ്യുന്ന സ്ഥലവുമായി ബന്ധപ്പെട്ടാണ് നിലവിൽ ആശയക്കുഴപ്പം തുടരുന്നത്.
Read Also : കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ബുട്ടിക്കിൽ തീപിടുത്തം
ചോദ്യംചെയ്യൽ ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടിലെത്തിയാണെങ്കിൽ മാത്രമേ സഹകരിക്കൂവെന്നാണ് കാവ്യയുടെ നിലപാട്. ആലുവയിലെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നത് കേസിന് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. പ്രൊജക്ടർ ഉപയോഗിച്ച് ചില വിഡിയോ ദൃശ്യങ്ങൾ കാണിച്ചും ചില സംഭാഷണങ്ങൾ കേൾപ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്. പദ്മ സരോവരം വീട് ഇതിന് അത്ര പറ്റിയ ഇടമല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.
കാവ്യയെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യുന്നതാണ് ഉചിതമെന്ന് ക്രൈംബ്രാഞ്ചിന് ഇന്നലെ നിയമോപദേശം ലഭിച്ചിരുന്നു. കേസിലെ സാക്ഷിയായതും സ്ത്രീയെന്ന പരിഗണനയും കാവ്യയ്ക്ക് ലഭിക്കുമെന്നും നിയമോപദേശത്തിൽ പറയുന്നു. ചോദ്യം ചെയ്യൽ, കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വീട്ടിൽ വേണമെന്ന ആവശ്യം ആദ്യം മുതൽതന്നെ ഭാര്യയായ കാവ്യ ഉന്നയിച്ചിരുന്നു. സാക്ഷിയായതിനാൽ ചോദ്യം ചെയ്യലിനു തനിക്കു സൗകര്യപ്രദമായ സ്ഥലം നിർദേശിക്കാൻ അവകാശമുണ്ടെന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു കാവ്യ. തുടർന്നാണ് ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയത്. ചോദ്യം ചെയ്യലിനായി നടി കാവ്യാ മാധവൻ ആലുവ പൊലീസ് ക്ലബിൽ ഹാജരാകണമെന്നാണ് നേരത്തെ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്.
Story Highlights: kavya madhavan questioning final decision today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here