ചരിത്രത്തിലേക്ക് പറന്ന്; ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ സിവിൽ ഡോണിയർ 228 വിമാനം പറന്നുതുടങ്ങി

രാജ്യത്ത് ആദ്യമായി നിർമിച്ച സിവിലിയൻ ഡോണിയർ 228 വിമാനം പറന്നുയർന്നു. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡ് അഥവാ എച്ച്എഎൽ നിർമിച്ച ഡോണിയർ 228 വിമാനം അസമിലെ ഡിബ്രുഗഡ് വിമാനത്താവളത്തിൽ നിന്നാണ് പറന്നത്. ചരിത്ര നിമിഷത്തിലേക്കുള്ള പറക്കലായാണ് അതിനെ വിശേഷിപ്പിച്ചത്. രാജ്യത്ത് ആദ്യമായി നിർമിച്ച സിവിലിയൻ ഡോണിയർ 228 വിമാനമായിരുന്നു അത്. അലയൻസ് എയറിന് എച്ച്എഎൽ നിർമിച്ചു നൽകുന്ന ആദ്യത്തെ വിമാനത്തിന്റെ കന്നിപ്പറക്കൽ കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്.
ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഴിക്കാൻ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അരുണാചലും അസമും അടക്കം രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലേക്കുള്ള വ്യോമയാന ഗതാഗതം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചെറുവിമാനത്തിന് സർവീസിന് അനുമതി നൽകിയത്. കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിയനുസരിച്ചാണ് സർവീസ്. എച്ച്എഎലിൽ നിന്ന് രണ്ടു ഡോണിയർ വിമാനങ്ങൾ തുടക്കത്തിൽ പാട്ടത്തിനെടുത്താണ് അലയൻസ് എയർ സർവീസ് നടത്തുന്നത്. തുടർന്ന് കൂടുതൽ വിമാനങ്ങളെത്തുമെന്നാണ് പ്രതീക്ഷ. തുടക്കത്തിൽ ആഴ്ചയിൽ രണ്ടുദിവസമായിരിക്കും സർവീസ്.
പരമാവധി 370 കിലോമീറ്റർ വേഗത്തിൽ 4572 മീറ്റർ ഉയരത്തിൽ വരെ ഈ വിമാനത്തിന് പറക്കാനാകും. ഹണിവെല്ലിന്റെ ടിപിഇ 331–10 ടർബോപ്രോപ്പ് എൻജിനാണ് വിമാനത്തിന് കരുത്തേകുന്നത്. 576 കിലോവാട്ട് കരുത്തുണ്ട് ഓരോ എൻജിനും. 5 ബ്ലേഡുകളുള്ള എംടി പ്രോപ്പലറുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. 1983 ലാണ് ഡോണിയർ 228 ജർമൻ കമ്പനിയായ ഡോണിയറിന്റെ ഈ ചെറുവിമാനം നിർമിക്കാനുള്ള അവകാശം എച്ച്എഎൽ സ്വന്തമാക്കുന്നത്. ഇന്ത്യൻ എയർഫോഴ്സിനും നേവിക്കും കോസ്റ്റ്ഗാർഡിനും ഈ വിമാനം എച്ച്എഎൽ നിർമിച്ചു നൽകുന്നുണ്ട്. ഇതുവരെ 125 വിമാനങ്ങൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here