Advertisement

കോടഞ്ചേരിയിലെ മിശ്രവിവാഹം; മകളെ നേരിട്ട് കാണണമെന്ന ആവശ്യത്തിലുറച്ച് മാതാപിതാക്കൾ

April 14, 2022
2 minutes Read
mixed mrg

കോഴിക്കോട് കോടഞ്ചേരിയിലെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചതായി സി.പി.ഐ.എം പറയുമ്പോഴും മകളെ നേരിട്ട് കാണണമെന്ന ആവശ്യത്തിലുറച്ച് മാതാപിതാക്കൾ. പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം സി.പി.ഐ.എം ഉണ്ടാകുമെന്ന് ഇന്നലെ കോടഞ്ചേരിയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ജില്ലാ സെക്രട്ടറി പി. മോഹനൻ വ്യക്തമാക്കിയിരുന്നു.

പെൺകുട്ടിയെയും കൂട്ടി സ്ഥലം വിടുന്നതിന് മുൻപ് പെൺകുട്ടിയുടെ കുടുംബത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഷെജിന് കഴിഞ്ഞില്ലെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു. അതേസമയം ഡി.വൈ.എഫ്.ഐ നേതാവു കൂടിയായ ഷെജിനെതിരെ നടപടി ഉണ്ടാകില്ലെന്നുകൂടി പി. മോഹനൻ പറഞ്ഞു. മിശ്രവിവാഹവുമായി ബന്ധപ്പെട്ട് മുൻ എം.എൽ.എയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജോർജ് എം. തോമസിൻ്റെ ലൗ ജിഹാദ് പരാമർശം നാക്കു പിഴയാണെന്ന് വിശദീകരിച്ചാണ് അദ്ദേഹവും പാർട്ടിയും വിവാദം അവസാനിപ്പിച്ചത്.

Read Also : കോഴിക്കോട് ഡിവൈഎഫ്‌ഐ നേതാവിന്റെ വിവാഹത്തില്‍ വിവാദം; ലൗ ജിഹാദ് ആരോപണം നിഷേധിച്ച് ദമ്പതികള്‍

സി.പി.ഐ.എം നയസമീപനത്തില്‍ ജോര്‍ജ് എം. തോമസിന് വ്യതിയാനമുണ്ടായെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ വ്യക്തമാക്കിയിരുന്നു. നയവ്യതിയാനം അപ്പോള്‍ത്തന്നെ അറിയിക്കുകയും ജോര്‍ജ് എം തോമസ് തിരുത്തുകയും ചെയ്തു. വിവാദം ചര്‍ച്ച ചെയ്യാനുള്ള രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.

തട്ടിക്കൊണ്ടുപോയതാണെന്ന് പെണ്‍കുട്ടി പറഞ്ഞാല്‍ സി.പി.ഐ.എം പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുമെന്നും യോഗത്തില്‍ ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള യു.ഡി.എഫിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് വിവാദമെന്ന നിലപാടിലാണ് ജോര്‍ജ് എം. തോമസ്.

Story Highlights: Mixed marriage in Kodancheri; Parents insist on seeing their daughter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top