Advertisement

പോപ്പുലർ ഫ്രണ്ട് നടത്തിയ അക്രമങ്ങൾ പൊലീസ് കണ്ടില്ലെന്ന് നടിക്കുന്നു: കെ സുരേന്ദ്രൻ

April 16, 2022
1 minute Read

പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് നടത്തുന്ന അക്രമങ്ങൾ പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഭീകരവാദ സംഘടനകളുടെ ഭീഷണിക്ക് മുന്നിൽ പൊലീസ് മുട്ടുമടക്കിയിരിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.

“പാലക്കാട് ജില്ല മുഴുവനും പോപ്പുലർ ഫ്രണ്ട് നടത്തിയ അക്രമങ്ങൾ പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. ഇന്ന് ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സ്ഥലം നേരത്തെ വർഗീയ സംഘർഷം ഉണ്ടായ സ്ഥലമാണ്. അവിടെ ഒരു പൊലീസ് പിക്കറ്റ് ഏർപ്പെടുത്താനോ ജാഗ്രതാ നടപടികൾ ഏർപ്പെടുത്താനോ തയ്യാറായില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഒരു കേസിലും പ്രതിയല്ലാത്ത, നിരപരാധിയായ ആർ എസ് എസ് പ്രവർത്തകനാണ് അതിദാരുണമായി കൊല ചെയ്യപ്പെട്ടത്.”- സുരേന്ദ്രൻ പറഞ്ഞു.

“പൊലീസിന് കാര്യങ്ങളെ സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നു. വ്യാപകമായ തോതിൽ കേരളത്തിൽ അങ്ങോളമിങ്ങോളം ആയുധ പരിശീലനം നേടിയ കൊടും ക്രിമിനലുകൾ റോന്ത് ചുറ്റുന്നുണ്ട് എന്ന് പൊലീസിനറിയാമായിരുന്നു. പക്ഷേ, ഒരു ജാഗ്രതാ നടപടിയും ഉണ്ടായില്ല. പൊലീസ് സ്റ്റേഷന് വളരെ അടുത്താണ് ഈ അക്രമം നടന്നത്. പട്ടാപ്പകൽ കടയിൽ വച്ച് അതിഭീകരമായ നിലയിലാണ് കൊല ചെയ്യപ്പെട്ടത്. പൊലീസ് എന്ത് ചെയ്യുകയായിരുന്നു. ആയിരത്തോളം പൊലീസുകാരെ ജില്ലയിലുടനീളം വിന്യസിച്ചു എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, നേരത്തെ വർഗീയ സംഘർഷമുണ്ടായ സ്ഥലത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പോലും ഉണ്ടായിരുന്നില്ല. പൊലീസിൻ്റെ വീഴ്ച അതീവ ഗൗരവമുള്ളതാണ്. കേരളത്തിൽ ക്രമ സമാധാന നില തകർന്ന് തരിപ്പണമായിരിക്കുന്നു. ഭീകരവാദ സംഘടനകളുടെ ഭീഷണിക്ക് മുന്നിൽ പൊലീസ് മുട്ടുമടക്കിയിരിക്കുന്നു. നിരപരാധികളായ എത്രയോ മനുഷ്യരുടെ രക്തവും ജീവനും കൊണ്ട് ഭീകരവാദ സംഘടനകൾ അഴിഞ്ഞാടുമ്പോൾ പൊലീസിൻ്റെ സമ്പൂർണമായ നിഷ്ക്രിയത്വമാണ് കാണുന്നത്.”- സുരേന്ദ്രൻ കുറ്റപ്പെടുത്തി

ഇന്നുച്ചയോടെയാണ് പാലക്കാട് നഗരത്തില്‍ ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന് വെട്ടേറ്റത്. പാലക്കാട് മേലാമുറിയില്‍ വച്ചായിരുന്നു സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗസംഘം ശ്രീനിവാസന്റെ എസ്‌കെ ഓട്ടോ റിപ്പയര്‍ കടയ്ക്കകത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. പാലക്കാട് നോര്‍ത്ത് കസബ സ്റ്റേഷന്‍ പരിധിയാലണ് സംഭവം. കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ ആരോപിച്ചു.

Story Highlights: k surendran against popular front

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top