സുബൈർ കൊലപാതകം: നിർണായക ശബ്ദരേഖ 24ന്

സുബൈർ കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക ശബ്ദരേഖ ട്വന്റിഫോറിന്. സുബൈർ കൊലപാതകത്തിൽ അലിയാരിനോട് രമേശ് കാർ ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയാണ് ട്വന്റിഫോറിന് ലഭിച്ചത്. അമ്പലത്തിൽ പോകാൻ ഒരു ദിവസത്തേക്ക് കാർ വേണമെന്ന് പറഞ്ഞാണ് രമേശ് വിളിച്ചത്. വ്യാഴാഴ്ചയാണ് രമേശ് വാഹനം ആവശ്യപ്പെട്ടത്. മഴയായതിനാൽ രാവിലെ എടുക്കാമെന്ന് രമേശ് പറയുന്നതും ശബ്ദരേഖയിലുണ്ട്.
KL9 AQ 79 Ol എന്ന ഓൾട്ടോ 800 കാർ ആണ് കഞ്ചിക്കോട് വ്യവസായിക മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കഞ്ചിക്കോട് കണ്ടെത്തിയ ഈ കാർ കൃപേഷ് എന്ന വ്യക്തിയുടേതാണ്. കൃപേഷാണ് കാർ അലിയാറിന് നൽകിയത്. അലിയാർ സ്ഥിരമായി കാർ വാടകയ്ക്ക് കൊടുക്കുന്നയാളാണ്. അലിയാർ കാർ തന്റെ പേരിൽ വാങ്ങി എന്നതിനപ്പുറം ഒന്നുമറിയില്ലെന്ന് കൃപേഷ് പറഞ്ഞു. കള്ളിമുള്ളി സ്വദേശി രമേശിനാണ് താൻ വാഹനം നൽകിയതെന്ന് കാർ ഉപയോഗിച്ചിരുന്ന അലിയാറും ട്വന്റിഫോറിനോട് വെളിപ്പെടുത്തിയിരുന്നു. പ്രദേശത്തെ ബിജെപി പ്രവർത്തകനാണ് രമേശെന്നും പൊലീസ് വീട്ടിലെത്തി വിവരങ്ങൾ തേടിയിരുന്നതായും അലിയാർ 24നോട് വ്യക്തമാക്കി.
ഇന്നലെ ഉച്ചയോടെയാണ് സുബൈർ കൊല്ലപ്പെട്ടത്. പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അക്രമം. പിതാവിനൊപ്പം ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ അജ്ഞാതസംഘം സുബൈറിനെ എതിർവശത്തു നിന്ന് ഇടിച്ചു വീഴ്ത്തി. പുറകിലിരുന്ന പിതാവ് ദൂരത്തേക്ക് തെറിച്ചു വീണു. ഇതിനിടയിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ എലപ്പുള്ളി ഏരിയാ പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട സുബൈർ.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിന് രണ്ട് കാറാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തി. ഒരു കാർ കുറച്ച് നാൾ മുൻപ് മരിച്ച ബിജെപി പ്രവർത്തകൻ സഞ്ജിത്തിന്റെ പേരിലാണ്. കഞ്ചിക്കോട് കണ്ടെത്തിയ കാറിന്റെ അന്വേഷണമാണ് നിലവൽ രമേശ് എന്ന വ്യക്തിയിൽ എത്തി നിൽക്കുന്നത്.
Story Highlights: ramesh call recording subair murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here