സിഐടിയു പ്രവര്‍ത്തകന്റെ ആത്മഹത്യ; പ്രാദേശിക നേതാക്കളുടെ ഭീഷണിയുണ്ടായിരുന്നതായി കുടുംബം

തൃശൂര്‍ പീച്ചിയിലെ സിഐടിയു പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ സംഘടനാ നേതൃത്വത്തിനെതിരെ കുടുംബം. സജിക്ക് ആത്മഹത്യചെയ്യേണ്ടി വന്നത് പ്രാദേശിക നേതാക്കളുടെ ഭീഷണി മൂലമാണെന്ന് സഹോദരന്‍ ബിജു ട്വന്റിഫോറിനോട് പറഞ്ഞു. കരാറുകാരനില്‍ നിന്ന് അനധികൃത പണപ്പിരിവ് നടത്തിയത് ചോദ്യം ചെയ്തതാണ് സജിയെ ഒറ്റപ്പെടുത്താന്‍ കാരണം. തന്നെയും സഹപ്രവര്‍ത്തകന്‍ പ്രിന്‍സിനെയും പാര്‍ട്ടി കൊലപ്പെടുത്തുമെന്ന് സജി പറഞ്ഞിട്ടുണ്ട്. തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയാണ് സിഐടിയു, സിപിഐഎം നേതൃത്വമെന്നും ബിജു ആരോപിച്ചു.
സിപിഐഎം നേതൃത്വത്തില്‍ നിന്ന് വധഭീഷണിയുണ്ടായിരുന്നതായി സജിയുടെ സഹപ്രവര്‍ത്തകന്‍ പ്രിന്‍സ് സ്ഥിരീകരിച്ചു. സജിയുടെ ആത്മഹത്യക്ക് കാരണം ബ്രാഞ്ച് സെക്രട്ടറി ഗംഗാധരന്റെയും ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന്റെയും ഭീഷണി മൂലമാണെന്നും പ്രിന്‍സ് ട്വന്റിഫോറിനോട് പറഞ്ഞു.
‘പാലം പണിക്ക് അടക്കം ലക്ഷങ്ങളാണ് പാര്‍ട്ടിയുടെ പേരില്‍ ഭീഷണിപ്പെടുത്തി വാങ്ങിയത്. ഒരു കമ്മ്യൂണിസ്റ്റ്കാരനെന്ന നിലയിലാണ് ഞാനും പെട്ടിസജിയും അത് ചോദ്യം ചെയ്തത്. അങ്ങനെ ഞങ്ങള്‍ പാര്‍ട്ടിയുടെ കണ്ണിലെ കരടായി. വധഭീഷണി കാരണം പിടിച്ചുനില്‍ക്കാന്‍ പറ്റാതെ വന്നതോടെയാണ് സജി ആത്മഹത്യ ചെയ്തത്. സിഐടിയുവിലെ ജിജി, തട്ടിക്കളയുമെന്നാണ് പറഞ്ഞത്. നിങ്ങളെ തട്ടിയാലും പാര്‍ട്ടി സപ്പോര്‍ട്ട് ചെയ്യുമെന്ന് ബ്രാഞ്ച് സെക്രട്ടറി ഗംഗാധരനും പറഞ്ഞു’. പ്രിന്‍സ് വ്യക്തമാക്കി.
സജിയുടെ ആത്മഹത്യയില്‍ സിഐടിയുവിന് ബന്ധമില്ലെന്ന വിശദീകരണവുമായി നേതൃത്വം രംഗത്തെത്തിയിരുന്നു. പ്രവര്‍ത്തകര്‍ക്കോ നേതാക്കള്‍ക്കോ പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സജിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെ അടര്‍ത്തിയെടുക്കാന്‍ ശ്രമം നടന്നിരുന്നുവെന്നും നേതൃത്വം ആരോപിച്ചിരുന്നു.
Story Highlights: citu worker suicide family raised allegation against party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here