Advertisement

കോടഞ്ചേരി വിവാഹ വിവാദം; ജോയ്സ്നയെ കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്

April 17, 2022
2 minutes Read
joysna

കോടഞ്ചേരി വിവാഹ വിവാദത്തിൽ ജോയ്സ്നയെ ചൊവ്വാഴ്ച്ച കോടതിയിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ജോയ്സ്നയുടെ പിതാവ് ജോസഫ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടത്തി ഉത്തരവ്. കോടഞ്ചേരി പൊലീസിനാണ് ഇത്തരത്തിൽ നിർദേശം നൽകിയിരിക്കുന്നത്. ഇതുപ്രകാരമുള്ള നടപടിക്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഒമ്പതാംതീയതി മകളെ കാണാതായതിനെ തുടർന്ന് പതിനൊന്നിനാണ് പിതാവ് കോടതിയെ സമീപിച്ചത്.

മകളെ ചതിക്കുഴിയിൽ കുടുക്കിയതാണെന്ന് ജോയ്‌സ്നയുടെ പിതാവ് ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു. സി ബിഐ, അല്ലെങ്കിൽ എൻഐഎ ഏജൻസി ഇത് അന്വേഷിക്കണമെന്നാണ് പിതാവിന്റെ ആവശ്യം. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ഷെജിൻ, ജോയ്സ്ന എന്നിവരുടെ മിശ്രവിവാഹം വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്. ഇതരമതത്തിൽപ്പെട്ട ഇവർ വിവാഹം കഴിച്ചതിനെ തുടർന്ന് പ്രദേശത്ത് ലൗ ജിഹാദ് ആണെന്ന് വ്യാജപ്രചാരണം ഉണ്ടായിരുന്നു. തങ്ങളുടെ വിവാഹം ലൗ ജിഹാദ് ആണെന്നാരോപിച്ച് ചില സംഘടനകൾ വ്യാജ പ്രചരണം നടത്തുകയാണെന്ന് ഷിജിൻ ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു.

Read Also : കോടഞ്ചേരി മിശ്ര വിവാഹം; ജ്യോല്‍സനയുടെ വീട് കോൺഗ്രസ് സംഘം സന്ദര്‍ശിച്ചേയ്ക്കും

മകളെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് ജോയ്സ്‌നയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്നും വിശദീകരിച്ച് ജോയ്സ്‌ന സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. മിശ്രവിവാഹ വിഷയത്തിൽ സംസ്ഥാനത്ത് മതസൗഹാർദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുകയാണെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ അഭിപ്രായപ്പെട്ടിരുന്നു. പ്രതിസന്ധികൾ മനസുകളെ തമ്മിൽ അകറ്റുകയാണ്. മതസൗഹാർദം ഉയർത്തിപ്പിടിച്ച നാടാണ് കേരളം. അതിനിയും ശക്തമായി തുടരുകയാണ് വേണ്ടതെന്നും താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ വ്യക്തമാക്കി.

വിവാദങ്ങളില്‍ ക്രിസ്ത്യന്‍ സമുദായത്തിനൊപ്പം ബിജെപിയുണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ലൗ ജിഹാദ് ഉണ്ടെന്ന് പരസ്യമായി സമ്മതിച്ച ജോര്‍ജ് എം. തോമസിനെ ഭീഷണിപ്പെടുത്തി മാറ്റിപ്പറയിപ്പിച്ച സിപിഐഎം തീവ്രവാദികള്‍ക്ക് മുമ്പില്‍ മുട്ടിലിഴയുകയാണ്. നിലപാട് മാറ്റിയില്ലെങ്കില്‍ പാര്‍ട്ടിക്കു പുറത്തുപോവേണ്ടിവരും എന്ന സന്ദേശമാണ് സത്യം തുറന്ന് പറഞ്ഞ ജോര്‍ജ് എം.തോമസിന് പാര്‍ട്ടി നല്‍കിയതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.

Story Highlights: Kodancherry marriage controversy; court Order to produce Joyce in court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top