സന്തോഷ് ട്രോഫിയില്‍ ഇന്ന് സര്‍വീസസ് മണിപ്പൂരിനെ നേരിടാനിറങ്ങും; ഒഡീഷ കര്‍ണാടകയ്ക്കെതിരെ

സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഉച്ച കഴിഞ്ഞ് 4ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഒഡീഷ കര്‍ണാടകയെ നേരിടും. യോഗ്യത റൗണ്ട് മത്സരത്തില്‍ ജാര്‍ഖണ്ഡിനോട് സമനിലയും ബീഹാറിനെ എതിരില്ലാത്ത അഞ്ച് ഗോളിനും തോല്‍പ്പിച്ചാണ് ഈസ്റ്റ് സോണില്‍ ഗ്രൂപ്പ് എയില്‍ നിന്ന് ഒഡീഷയുടെ വരവ്. സൗത്ത് സോണില്‍ ഗ്രുപ്പ് എയില്‍ ഉള്‍പ്പെട്ട കര്‍ണാടക തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ ടീമുകളെ തോല്‍പ്പിച്ചാണ് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയത്.
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി 8.00 മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസ് മണിപ്പൂരിനെ നേരിടും. യോഗ്യതാ റൗണ്ട് മത്സരത്തില്‍ നോര്‍ത്ത് സോണില്‍ ഗ്രൂപ്പ് എയില്‍ ഹിമാചല്‍പ്രദേശ്, ജമ്മുകാശ്മീര്‍, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിവരെ തോല്‍പ്പിച്ചാണ് സര്‍വീസസ് യോഗ്യത നേടിയത്. നാഗാലാന്റ്, ത്രിപുര, മിസോറാം എന്നിവരെ തോല്‍പ്പിച്ചാണ് മണിപ്പൂര്‍ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയത്.
ഉദ്ഘാടന മത്സരത്തില്‍ മിന്നുംജയത്തോടെയാണ് കേരളം തുടക്കമിട്ടത്. രാജസ്ഥാനെ മടക്കമില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് കെട്ടുകെട്ടിച്ച കേരളത്തിനായി ക്യാപ്റ്റന്‍ ജിജോ ജോസഫ് ഹാട്രിക്ക് നേടി. നിജോ ഗില്‍ബേര്‍ട്ട്, അജയ് അലക്സ് എന്നിവരാണ് മറ്റ് രണ്ട് ഗോളുകള്‍ നേടിയത്.
Story Highlights: Santosh Trophy Services vs Manipur-odisha vs karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here