Advertisement

സ്ത്രീകളുടെ വിവാഹ പ്രായം 21 വയസാക്കി ഉയർത്തുന്നത് രണ്ട് വിധത്തിൽ നടപ്പാക്കാമെന്ന് ദൗത്യ സംഘം; വിവാഹ പ്രായം ഉയർത്തുന്നത് സ്ത്രീകളുടെ ഉന്നമനത്തിന് വഴിവെക്കുമോ?

April 18, 2022
2 minutes Read
വിവാഹം കഴിക്കുന്നതിൽ അഭിപ്രായ സ്വാതന്ത്ര്യമോ നിലപാടോ സ്വീകരിക്കാൻ കഴിയാത്ത പെൺകുട്ടികൾ ഇപ്പോഴും നമുക്കിടിയിൽ ഉണ്ട്. പ്രായ പൂർത്തിയാകുമ്പോഴേക്കും  പെൺകുട്ടിയെ വിവാഹം കഴിപ്പിച്ച് വിട്ട് ബാധ്യത ഒഴിവാക്കുക എന്ന് ചിന്തിക്കുന്ന മാതാപിതാക്കളും ഉണ്ട്. 

എന്നാൽ വിവാഹ പ്രായം 18 ൽ നിന്ന് 21 ആക്കുക വഴി ലിം​ഗ സമത്വത്തിന് വഴിവെക്കുമെന്നതിനൊപ്പം സമൂഹത്തിലെ സ്ത്രീയുടെ സ്ഥാനത്തിന് വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് വെച്ചു പുലർത്തുന്നത്. ഇപ്പോൾ ,സ്ത്രീകളുടെ വിവാഹ പ്രായം 21 വയസാക്കി ഉയർത്തുന്നത് രണ്ട് വിധത്തിൽ നടപ്പാക്കാമെന്ന് കേന്ദ്ര സർക്കാർ നിയോ​ഗിച്ച ദൗത്യ സംഘം ശുപാർശ ചെയ്തിരിക്കുകയാണ്.

  • നിയമം ആദ്യം വിജ്ഞാപനം ചെയ്യുക, തുടർന്ന് രണ്ട് വർഷത്തിന് ശേഷം പ്രാബല്യത്തിൽ വരുത്തുക.

  • വിവാഹ പ്രായം ഓരോ വർഷവും, ഓരോ വയസ് കൂട്ടി വിജ്ഞാപനം ചെയ്ത് മൂന്ന് വർഷത്തിനുള്ളിൽ പരിധി 21 ആക്കുക.

നിലവിൽ നിയമത്തെ കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുകയും സമൂഹത്തിന്റെ സ്വീകാര്യത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും സമത പാർട്ടി മുൻ അധ്യക്ഷ ജയ ജയ്റ്റ്ലി അധ്യക്ഷയായ ദൗത്യ സംഘത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

പ്രധാനമായും എട്ട് ശുപാർശകളാണ് ദൗത്യ സംഘം മുന്നോട്ട് വെച്ചിട്ടുള്ളത്

1.വിവാഹം കഴിക്കാത്ത 18 വയസുവരെയുള്ള പെൺകുട്ടികൾക്കായുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ 21 വയസ്സ് വരെയാക്കുക.
2.ഉഡാൻ, പ്ര​ഗതി പദ്ധതികളിൽ എൻജിനീയറിങ്, സാങ്കേതിക വിദ്യാഭ്യാസ സ്കോളർഷിപ്പ് ഒരു വിദ്യാർത്ഥിനിക്ക് 10, 000 രൂപയാക്കുക
3.ഉന്നത വിദ്യാഭ്യാസത്തിന് ഒരു പെൺകുട്ടിക്ക് 5000 രൂപ എന്ന നിലയിൽ മെറിറ്റ് കം മീന്ഡസ് സ്കോളർഷിപ്പ് നൽകുക.
4.സെക്കൻഡറി, ഹയർ സെക്കൻഡറി വിദ്യാർത്ഥിനികൾക്ക് സൗജന്യ യാത്ര, യാത്രാ ഇളവ് എന്നിവ നൽകുക.
5.പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി 10 ലക്ഷത്തിന്റെ സ്കോളർഷിപ്പ് പ​ദ്ധതി നടപ്പാക്കുക
6.കേന്ദ്ര- സംസ്ഥാന സർവകലാശാലകളിൽ മാനേജ്മെന്റ് , നിയമം ഉൾപ്പടെയുള്ള പ്രൊഫഷണൽ കോഴ്സുകളിൽ വനിതാക്വാട്ട അനുവദിക്കുക.
7.പെൺകുട്ടികൾക്ക് ടാബ് ലെറ്റും, ലാപ്ടോപ്പും അനുവദിക്കുക
8.ഉന്നത വിദ്യാഭ്യാസത്തിന്റെ വഴികാട്ടാൻ കൗൺസലിങ് ഹെൽപ് ലൈൻ, ഓൺലൈൻ കൗൺസലിങ് പോർട്ടൽ, മെന്ററിം​ഗ് പ്രോ​ഗ്രാം തുടങ്ങിയവ നടപ്പിലാക്കുക.

വിദ്യാഭ്യാസം പൂർത്തിയാക്കി പക്വത നേടാൻ പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നത് സഹായിക്കുമെന്നാണ് ദൗത്യ സംഘത്തിന്റെ നിരീക്ഷണം. ലിം​ഗ അസമത്വം വലിയ തോതിൽ സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് ദൗത്യ സംഘത്തിന്റെ വാദം.

പെൺകുട്ടികൾക്ക് വ്യക്തിപരമായി മുന്നേറാനുള്ള അവസരങ്ങളുടെ അഭാവം, പുരുഷ മേധാവിത്വം , പാരമ്പര്യ രീതികൾ , ദരിദ്രമായ കുടുംബ സാഹചര്യം തുടങ്ങിയവയാണ് ഒരു പരിധി വരെ ശൈശവ വിവാഹങ്ങൾക്കൊക്കെ കാരണം. വിദ്യാഭ്യാസം , ആരോ​ഗ്യം ജീവനോപാധി, ജീവിതത്തിലെ നിർണായക തീരുമാനങ്ങൾ എടുക്കാനുള്ള സ്വതന്ത്ര്യം എന്നിവയിൽ ആൺകുട്ടികൾക്ക് തുല്യമായ അവകാശം പെൺകുട്ടികൾക്കും ഇന്നത്തെ കാലഘട്ടത്തിൽ ആവശ്യമാണ്. കൂടാതെ പ്രായപൂർത്തിയാകുന്നതിനു മുൻപുള്ള വിവാഹം പെൺകുട്ടികളുടെ ആരോ​ഗ്യത്തെ മാത്രമല്ല , വിദ്യാഭ്യാസത്തേയും കൂടിയാണ് ബാധിക്കുന്നത്.ഇതിനൊക്കെ മാറ്റം കൊണ്ടുവരാൻ 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിൽ ഭേദ​ഗതി അനിവാര്യമാണെന്നാണ് സമിതിയുടെ വിലയിരുത്തൽ.

നിലവിൽ പ്രധാനമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ട് പരിശോധനയ്ക്കായി പാർലമെന്ററി സമിതിക്ക് വിട്ടിരിക്കുകയാണ്. സമിതിയുടെ അന്തിമ റിപ്പോർട്ടനുസരിച്ച് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബില്ലുവരാനാണ് സാധ്യത. അത്കൊണ്ട് തന്നെ വനിതാ എംപി മാരോടും, സംഘടനകളോടുമൊക്കെ സമ​ഗ്ര ചർച്ച നടത്തിയ ശേഷമേ വിവാഹ പ്രായം ഉയർത്താവൂ എന്നാണ് വനിതാ -ശിശുക്ഷേമ പാർലമെന്ററി സമിതിക്ക് മുമ്പാകെ പ്രതിപക്ഷ പ്രതിനിധികൾ ഉൾപ്പടെ ആവശ്യപ്പെട്ടിരിക്കുന്നത്.

Story Highlights: women’s marriage age raising lead to the upliftment of women?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top