‘വിദ്വേഷത്തിന്റെ വിത്ത് പാകുന്നു’: രാഹുൽ ഗാന്ധിക്കെതിരെ ബിജെപി, എഎപിക്കും വിമർശനം

രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി. ഇന്ത്യയുടെ പ്രതിച്ഛായയെ രാഹുൽ അപകീർത്തിപ്പെടുത്തുന്നു. രാജ്യത്ത് വിദ്വേഷത്തിന്റെ വിത്ത് പാകുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ആരോപിച്ചു. നേരത്തെ വിദ്വേഷത്തിന്റെ ബുൾഡോസറുകൾ നിർത്തി വൈദ്യുത നിലയങ്ങൾ സ്ഥാപിക്കണമെന്ന് രാഹുൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
അഴിമതിയും കലാപ ചരിത്രവുമുള്ള ഒരാളാണ് കേന്ദ്രത്തെ വിമർശിക്കുന്നത്. വിദ്വേഷത്തിന്റെ വിത്ത് പാകി രാജ്യത്തിന് ഒരു ഗുണവും ചെയ്യുന്നില്ല. രാഹുൽ രാജ്യത്തിന്റെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുകയാണെന്നും അനുരാഗ് ഠാക്കൂർ വിമർശിച്ചു. കേന്ദ്രം കലാപത്തിന് ആഹ്വനം ചെയ്യുകയാണെന്ന ഡൽഹി സർക്കാർ ആരോപണത്തിനും ഠാക്കൂർ മറുപടി നൽകി. അധികാരത്തിനായി തീവ്രവാദികളുമായി വിട്ടുവീഴ്ച ചെയ്യുന്ന പാർട്ടിയാണ് എഎപിയെന്ന് ബിജെപി നേതാവ് തിരിച്ചടിച്ചു.
പ്രത്യയശാസ്ത്രവും നയങ്ങളും ഉപയോഗിച്ച് സമൂഹത്തെ നേർവഴിക്ക് മാറ്റുകയാണ് രാഷ്ട്രീയം കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ ചിലർ അതിന്റെ നിലവാരം താഴ്ത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രംഗത്തുവന്നത്. 8 വർഷത്തെ ചർച്ചകൾക്ക് ശേഷം ഇന്ത്യയിൽ 8 ദിവസത്തെ കൽക്കരി ശേഖരം മാത്രമേയുള്ളൂവെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
BJP Slams Rahul Gandhi Over Bulldozer Remark
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here