എസ് കെ ശ്രീനിവാസന്‍ വധം: പ്രതികള്‍ കടയ്ക്ക് മുന്നിലൂടെ പോകുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന്

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എസ് കെ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ട്വന്റിഫോറിന്. കൊലയ്ക്ക് മുമ്പ് സംഘം പലതവണ ശ്രീനിവാസന്റെ കടയുടെ മുന്നിലൂടെ കടന്നുപോയി സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ട്വന്റിഫോറിന് ലഭിച്ചത്. മൂന്ന് ബൈക്കുകളില്‍ അക്രമിസംഘം എത്തുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. രാവിലെ 10.30 മുതല്‍ പ്രതികള്‍ മാര്‍ക്കറ്റ് റോഡിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. (cctv footages sreenivasan murder twentyfour news)
എസ് കെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചിട്ടുണ്ട്. അബ്ദുള്‍ റഹ്മാന്‍, ഫിറോസ്, ഉമ്മര്‍, അബ്ദുള്‍ ഖാദര്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവരെത്തിയ വാഹനങ്ങളും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ കൃത്യത്തിനെത്തുമ്പോള്‍ ഉപയോഗിച്ച ബൈക്കുകളിലൊന്ന് തമിഴ്നാട് രജിസ്ട്രേഷനാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട് 24 മണിക്കൂര്‍ തികയും മുമ്പായിരുന്നു ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകം. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ കൊലയാളി സംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണം നടക്കുന്നത്. എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.
അതേസമയം എലപുള്ളിയില്‍ കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തില്‍ പിടിയിലായ മൂന്ന് പ്രതികള്‍ക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് വൈകിട്ട് അവസാനിക്കും. കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിതിന്റെ കൊലപാതകത്തിന്റെ പ്രതികാരമായാണ് സുബൈറിനെ ഇല്ലാതാക്കിയതെന്നാണ് പ്രതികളുടെ മൊഴി.
Story Highlights: cctv footages sreenivasan murder twentyfour news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here