കൊവിഡ് കേസുകൾ ഉയരുന്ന ഡൽഹിയിൽ സൗജന്യ ബൂസ്റ്റർ ഡോസുകൾ

കൊവിഡ് കേസുകൾ ഉയരുന്ന ഡൽഹിയിൽ സൗജന്യ ബൂസ്റ്റർ ഡോസുകൾ. 18 മുതൽ 59 വരെ പ്രായമുള്ള പൗരന്മാർക്കാണ് ഡൽഹി സർക്കാർ ആശുപത്രികളിൽ സൗജന്യമായി ബൂസ്റ്റർ ഡോസുകൾ ലഭിക്കുക. നിലവിൽ കൊവിഷീൽഡ്, കൊവാക്സിൻ ഡോസുകൾക്ക് 225 രൂപയാണ് വില.
ഡൽഹിയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്. ഇന്നലെ 1009 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.7 ശതമാനമായി ഉയർന്നു. കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിലെ കൊവിഡ് കേസുകൾ ഉയരുന്നുണ്ട്. കൊവിഡ് കേസുകൾ വർധിക്കുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണ്. ആക്ടീവ് കേസുകളിൽ 3 ശതമാനം ആളുകൾ മാത്രമാണ് ആശുപത്രിയിൽ ചികിത്സ തേടുന്നത്. കൊവിഡ് ബാധ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കിയിരുന്നു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് 500 രൂപ പിഴ ചുമത്തും. രോഗപ്രതിരോധ നടപടിയുടെ ഭാഗമായി ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
കൊവിഡ് പരിശോധന വ്യാപകമാക്കാനും വാക്‌സിനേഷൻ കൂടുതൽ ശക്തിപ്പെടുത്താനും ദുരന്ത നിവാരണ അതോറിറ്റി ചേർന്ന യോഗത്തിൽ തീരുമാനമായി. സ്കൂളുകളിൽ ക്ലാസുകൾ തുടരും. പൊതുപരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തിയില്ല. എന്നാൽ കൂടുതൽ ആളുകൾ ഒത്തുചേരുന്ന എല്ലാ പരിപാടികളും സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ഡൽഹി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
Story Highlights: new delhi covid booster vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here