അമ്പയറിനോട് കയർത്ത സംഭവം: പന്തിനും താക്കൂറിനും പിഴ; ആംറേയ്ക്ക് വിലക്ക്

കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ അമ്പയറോട് കയർത്ത ഡൽഹി ക്യാപിറ്റൽസ് താരങ്ങൾക്കും സഹപരിശീലകനുമെതിരെ നടപടി. ക്യാപ്റ്റൻ ഋഷഭ് പന്തിനും സഹപരിശീലകൻ പ്രവീൺ ആംറെയ്ക്കും മാച്ച് ഫീയുടെ 100 ശതമാനം പിഴയൊടുക്കണം. ഇതോടൊപ്പം ഗ്രൗണ്ടിലിറങ്ങി അമ്പയറോട് തർക്കിച്ച ആംറെയെ ഒരു മത്സരത്തിൽ നിന്ന് വിലക്കി. പന്തിനൊപ്പം നിന്ന് തർക്കിച്ച ഓൾറൗണ്ടർ ശാർദ്ദുൽ താക്കൂറിന് 50 ശതമാനം മാച്ച് ഫീ പിഴ ശിക്ഷയും വിധിച്ചു.
മത്സരത്തിൻ്റെ അവസാന ഓവറിലാണ് വിവാദ സംഭവം നടന്നത്. ഓവറിൽ 36 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിയ്ക്കായി ആദ്യ മൂന്ന് പന്തുകളിൽ സിക്സറടിച്ച് റോവ്മൻ പവൽ പ്രതീക്ഷ നൽകി. ഒബേദ് മക്കോയ് എറിഞ്ഞ ഓവറിലെ മൂന്നാം പന്ത് ഒരു ഫുൾ ടോസ് ആയിരുന്നു. ഇത് നോ ബോൾ ആണെന്ന് ഡൽഹി താരങ്ങളും ഡഗൗട്ടിലിരുന്ന് സഹപരിശീലകരും വാദിച്ചു. എന്നാൽ, അമ്പയർമാർ ഇത് അംഗീകരിച്ചില്ല. തുടർന്ന് ക്യാപ്റ്റൻ ഋഷഭ് പന്ത് ബാറ്റിംഗ് നിർത്തി തിരികെവരാൻ ഡൽഹി താരങ്ങളോട് ആവശ്യപ്പെട്ടു. തുടർന്ന് സഹപരിശീലകൻ പ്രവീൺ ആംറെ ഗ്രൗണ്ടിലേക്കിറങ്ങി അമ്പയറോട് വാദിച്ചു. എന്നിട്ടും അമ്പയർമാർ വഴങ്ങിയില്ല. തുടർന്ന് ഡൽഹി ബാറ്റിംഗ് തുടർന്നു. പിന്നീടുള്ള മൂന്ന് പന്തുകളിൽ രണ്ട് റൺസ് മാത്രമെടുക്കാനേ റോവ്‌മൻ പവലിനു സാധിച്ചുള്ളൂ. മൂന്നാം പന്തിൽ താരം പുറത്താവുകയും ചെയ്തു.
മത്സരത്തിൽ 15 റൺസിനാണ് രാജസ്ഥാൻ വിജയിച്ചത്. രാജസ്ഥാൻ 223 റൺസ് വിജയലക്ഷ്യം മുന്നോട്ടുവച്ചപ്പോൾ ഡൽഹിക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടാനേ സാധിച്ചുള്ളൂ.
Story Highlights: rishabh pant controversy delhi capitals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here