‘യുദ്ധം അവസാനിപ്പിക്കാം’; പുടിനെ ചർച്ചയ്ക്ക് വിളിച്ച് സെലൻസ്കി

റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് വ്ലാദിമിർ സെലൻസ്കി. യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കാമെന്നറിയിച്ചുകൊണ്ടാണ് സെലൻസ്കിയുടെ ക്ഷണം. ക്ഷണത്തിൽ പുടിനോ റഷ്യയോ പ്രതികരിച്ചിട്ടില്ല.
അതേസമയം, യുക്രൈൻ തുറമുഖ നഗരമായ മരിയുപോൾ പിടിച്ചെടുത്തതായാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അവകാശപ്പെടുന്നത്. മരിയോപോളിൽ നിന്നുള്ള ഇരുന്നൂറിലേറെ കൂട്ടക്കുഴിമാടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളാണ് മക്സർ ടെക്നോളജീസ് പുറത്തുവിട്ടത്. ഇവിടെ ഒൻപതിനായിരത്തിലേറെ സാധാരണക്കാരെ റഷ്യൻ സേന വധിച്ചതായി യുക്രെയ്ൻ ആരോപിച്ചിരുന്നു. മരിയുപോളിലെ അസോവ്സ്റ്റാൾ സ്റ്റീൽ പ്ലാന്റ് സമുച്ചയത്തിൽ രണ്ടായിരത്തിലേറെ യുക്രെയ്ൻ പോരാളികൾ ഉണ്ടെങ്കിലും അവരെ നേരിട്ട് ആക്രമിക്കാതെ ഉപരോധത്തിലൂടെ ശ്വാസംമുട്ടിച്ച് കീഴടങ്ങാൻ പ്രേരിപ്പിക്കുക എന്ന തന്ത്രമാണ് റഷ്യ പിന്തുടരുന്നത്.
മരിയുപോളിനു സമീപമുള്ള മനുഷിലെ സെമിത്തേരിയിലാണ് ഈ കൂട്ടക്കുഴിമാടങ്ങൾ ഉപഗ്രഹ ചിത്രങ്ങൾ വഴി കണ്ടെത്തിയത്. മരിയുപോളിൽ നിന്ന് റഷ്യൻ പട്ടാളം ട്രക്കുകളിൽ മൃതദേഹങ്ങൾ കൊണ്ടുവന്ന് സംസ്കരിക്കുന്നതായി മരിയുപോൾ മേയർ ആരോപണം ഉയർത്തിയിരുന്നു. 1941 ൽ നാസികൾ യുക്രെയ്നിലെ 34,000 ജൂതന്മാരെ കൂട്ടക്കുരുതി നടത്തി ബബിയാറിൽ സംസ്കരിച്ചതിനോടാണ് അദ്ദേഹം ഇതിനെ താരതമ്യപ്പെടുത്തിയത്. ഇതിനെതിരെ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിലവിലെ സ്ഥിതി പ്രകാരം മരിയുപോളിൽ അവശേഷിക്കുന്ന ആയിരക്കണക്കിനാളുകൾ രക്ഷപ്പെടാനാവാതെ പ്രയാസപ്പെടുകയാണ്. ഇപ്പോൾ യുക്രൈനിന്റെ കിഴക്കൻ ഭാഗങ്ങൾക്കൊപ്പം തെക്കൻ പ്രദേശങ്ങളും പിടിച്ചടക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്ന് റഷ്യയും പറഞ്ഞിരുന്നു. ബോറിസ് ജോൺസൻ ഇന്ത്യ സന്ദർശനത്തിനിടെ കീവിലെ ബ്രിട്ടിഷ് എംബസി അടുത്തയാഴ്ച തുറക്കുമെന്ന് വ്യക്തമാക്കി.
ഇതിനിടെ, റഷ്യയുമായി ബന്ധമുള്ള കപ്പലുകൾക്ക് തുറമുഖങ്ങളിൽ വിലക്ക് ഉൾപ്പെടെ ഉപരോധം കടുപ്പിക്കാൻ യുഎസ് തീരുമാനിച്ചു. ബ്രിട്ടനും റഷ്യയിൽ നിന്നുള്ള ഇറക്കുമതി നിരോധന പട്ടിക വിപുലപ്പെടുത്തി. യുക്രൈനിന് അടിയന്തര സഹായമായി 50 കോടി ഡോളർ കൂടി നൽകുമെന്ന് യുഎസ് പ്രഖ്യാപിച്ചു. 80 കോടി ഡോളറിന്റെ സൈനിക സഹായവും നൽകും. കൂടുതൽ ആയുധങ്ങളും യുദ്ധോപകരണങ്ങളും നൽകാൻ ഡെന്മാർക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളും തീരുമാനിച്ചു. മരിയുപോളിലെ 4 ലക്ഷത്തോളം ജനങ്ങളിൽ ഒട്ടേറെപ്പേർ നഗരം വിട്ടു.
Story Highlights: Zelensky Calls Meeting Putin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here