‘ഇത്തരത്തിൽ ഒരു വീഴ്ച ഫയർഫോഴ്സിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാനിടയില്ല’; ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാർ 24നോട്

ജോൺ പോൾ വീണുകിടന്നപ്പോൾ പലതവണ ഫോണിൽ വിളിച്ചിട്ടും ഫയർഫോഴ്സ് സഹായിച്ചിട്ടില്ലെന്ന ആരോപണത്തിനു മറുപടിയുമായി ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാർ. ഇത്തരത്തിൽ ഒരു വീഴ്ച ഫയർഫോഴ്സിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാനിടയില്ല എന്ന് ഹരികുമാർ പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ഹരികുമാർ 24നോട് പ്രതികരിച്ചു. (district fire officer news)
ഇത്തരത്തിൽ ഒരു സംഭവം ഫയർ ആൻഡ് റെസ്ക്യൂ സർവീസിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാവാനിടയില്ലെന്ന് കെ ഹരികുമാർ പറഞ്ഞു. എറണാകുളം ജില്ലയിൽ തന്നെ പത്തിടങ്ങളിൽ ആംബുലൻസുണ്ട്. ഇദ്ദേഹം താമസിക്കുന്ന ഗാന്ധിനഗറിൽ ആംബുലൻസില്ല. തൊട്ടടുത്ത് ക്ലബ് റോഡിലുണ്ട്, തൃപ്പൂണിത്തുറയിലുണ്ട്. ഇവിടെയൊക്കെ അന്വേഷിച്ചിട്ടും ഇങ്ങനെയൊരു സംഭവമുണ്ടായില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് ഹരികുമാർ പറഞ്ഞു.
Read Also : ആംബുലൻസ് എത്താൻ ഏഴ് മണിക്കൂർ വൈകി; ജോൺ പോളിന് ചികിത്സ എത്തിച്ചതിൽ വീഴ്ച പറ്റിയെന്ന് ആരോപണം
ആംബുലൻസ് എത്താൻ ഏഴ് മണിക്കൂർ വൈകിയെന്ന് നിർമാതാവ് ജോളി ജോസഫ് 24നോട് പറഞ്ഞിരുന്നു. ജോൺ പോൾ ഗുരുതരാവസ്ഥയിൽ വീണുകിടന്നപ്പോൾ സഹായമെത്തിയില്ല. കട്ടിലിൽ നിന്ന് വീണ ജോൺ പോൾ മണിക്കൂറുകളോളം വെറും നിലത്ത് കിടന്നു. ഫയർഫോഴ്സിനെയും ആംബുലൻസിനെയും നിരന്തരം ബന്ധപ്പെട്ടിട്ടും സഹായിച്ചില്ല. പൊലീസ് സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചപ്പോൾ വൈകിയെന്നും എന്നും ജോളി ജോസഫ് 24നോട് പറഞ്ഞു.
“ജനുവരി 21ന് രാത്രി 78 മണിയോടെ അദ്ദേഹം എന്നെ ഫോണിൽ വിളിച്ചു. കട്ടിലിൽ നിന്ന് ഒന്ന് താഴെവീണു. വേഗം വരണമെന്ന് പറഞ്ഞു. വിദഗ്ധരായ ആളുകൾക്കേ അദ്ദേഹത്തെ പൊക്കാൻ പറ്റൂ. അങ്ങനെ കുറേ ആംബുലൻസുകാരെ വിളിച്ചു. ആശുപത്രിയിൽ കൊണ്ടുപോകാനാണെങ്കിൽ വരാമെന്ന് അവർ പറഞ്ഞു. ഫയർഫോഴ്സിനെ വിളിച്ചപ്പോൾ എന്തെങ്കിലും അപകടമുണ്ടെങ്കിൽ വരാമെന്ന് അറിയിച്ചു. കൺട്രോൾ റൂമിൽ വിളിച്ചപ്പോൾ രണ്ട് പൊലീസുകാരെത്തി. അങ്ങനെ അദ്ദേഹത്തെ പൊക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ ഈ പൊലീസുകാർ ഇഎംസിയിൽ പോയി ആംബുലൻസ് വിളിച്ചു. അങ്ങനെ അദ്ദേഹത്തെ സ്ട്രെച്ചറിൽ കയറ്റുകകയായിരുന്നു. ഇത് ജോൺ പോളിന് വലിയ ഞെട്ടലായിരുന്നു.”- ജോളി ജോസഫ് പറഞ്ഞു.
ഈ മാസം 23നാണ് ജോൺ പോൾ അന്തരിച്ചത്. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീർഘകാലമായി ജോൺ പോൾ ചികിത്സയിലായിരുന്നു.
Story Highlights: district fire officer response 24 news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here