ഗൗരിലക്ഷ്മിയുടെ ചികിത്സക്ക് ഇനി വേണ്ടത് നാലര കോടിയോളം രൂപ

എസ്എംഎ രോഗം ബാധിച്ച ഷൊർണ്ണൂർ കൊളപ്പുളളിയിലെ ഗൗരിലക്ഷ്മിയുടെ ചികിത്സക്ക് ഇനി വേണ്ടത് നാലര കോടിയോളം രൂപ. ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് ഗൗരിലക്ഷ്മിക്ക് മരുന്ന് ലഭ്യമാക്കാൻ കുടുംബത്തിൻ്റെ മുന്നിലുള്ളത്. കുട്ടിയുടെ സഹായത്തിനായുള്ള ക്യാമ്പയിൻ രാജ്യം മുഴുവൻ വ്യാപിപ്പിക്കാൻ സഹായ സമിതി തീരുമാനിച്ചു
കുഞ്ഞു ഗൗരിക്ക് രണ്ട് വയസ് തികയാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. 11.30 കോടിയിലധികം രൂപ ഇതുവരെ സുമനസുകളുടെ സഹായത്തോടെ സമാഹരിക്കായെങ്കിലും ബാക്കി തുക കൂടി കണ്ടെത്തുക വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുറഞ്ഞ തുക മാത്രമാണ് അക്കൗണ്ടിലേക്ക് എത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ കടുത്ത ആശങ്കയിലാണ് ഈ കുടുംബം.
രണ്ട് വയസ് തികയുന്നതിന് ഒരാഴ്ച മുൻപെങ്കിലും മരുന്നിന് ഓർഡർ നൽകണം. വിരലിലെണ്ണാവുന്ന ചുരുങ്ങിയ ദിവസം കൊണ്ട് ഇത്ര വലിയ തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് അച്ഛൻ ലിജുവും അമ്മ നിതയും. വിവിധ ക്യാമ്പയിനുകളിലൂടെ കുഞ്ഞു ഗൗരിക്കായി ധനസമാഹരണങ്ങൾ നടക്കുന്നുണ്ട്. പല സന്നദ്ധ സംഘടനകളും ഗൗരിക്കായി ധനസമാഹരണം നടത്തുന്നുണ്ടെങ്കിലും ഇനി കുറഞ്ഞ ദിവസങ്ങളേ മുന്നിലുള്ളു എന്ന് ഓർമ്മിപ്പിക്കുകയാണ് സഹായക്കൂട്ടായ്മ. വലിയ തുക ഒരുമിച്ച് നൽകാമെന്ന് കരുതി ധനസമാഹരണം നടത്തുന്നവരുണ്ടെങ്കിൽ ഇനി വൈകാതെ തുക ഗൗരിലക്ഷ്മിയുടെ കുടുംബത്തിൻ്റെ കൈകളിലെത്തണം. ഇന്നലെ പ്രദേശത്തെ സഹായക്കൂട്ടായ്മ യോഗം ചേർന്ന് ധനസമാഹരണം വേഗത്തിലാക്കാൻ രാജ്യം മുഴുവൻ കുഞ്ഞിന് വേണ്ടി ക്യാമ്പയിൻ നടത്താൻ തീരുമാനിച്ചു. കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ വിഷയത്തിൽ വേണമെന്ന ആവശ്യവും ശക്തമാണ്.
Story Highlights: sme gouri lakshmi 4.5 crore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here