Advertisement

ആറു വര്‍ഷത്തിനിടെ കേരളം പെട്രോളിയം നികുതി വര്‍ധിപ്പിച്ചിട്ടില്ല, കേന്ദ്രം 14 തവണ വര്‍ധിപ്പിച്ചു: പ്രധാനമന്ത്രിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

April 28, 2022
3 minutes Read
CM responds to PM

ഇന്ധന നികുതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 2014 മുതലുള്ള കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ 14 തവണ പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള നികുതി വര്‍ധിപ്പിച്ചപ്പോള്‍ 4 തവണയാണ് നികുതിയില്‍ കുറവു വരുത്തിയത്. എന്നാല്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും കേരളം പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള വില്‍പ്പനനികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു ( CM responds to PM ).

കൊവിഡ് സാഹചര്യം വിലയിരുത്താന്‍ വിളിച്ച യോഗത്തില്‍ കേരളമുള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളുടെ പേരു പറഞ്ഞ് ആ സംസ്ഥാനങ്ങള്‍ പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള വില്‍പ്പന നികുതി കുറക്കുന്നില്ല എന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചതിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കേന്ദ്രം വരുത്തുന്ന വര്‍ധന സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്ന അടിസ്ഥാന എക്സൈസ് ഡ്യൂട്ടി അല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 2014 ല്‍ പെട്രോളിന് മേലുള്ള ആകെ എക്സൈസ് തീരുവ 9.48 രൂപയായിരുന്നു. അത് ക്രമേണ 32.98 രൂപയായി വര്‍ധിപ്പിക്കുകയും നിലവില്‍ 27.9 രൂപയായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഡീസലിന്റേത് 3.56 രൂപയില്‍ നിന്നും 31.83 രൂപയായി വര്‍ധിപ്പിക്കുകയും നിലവില്‍ 21.8 രൂപയായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

Read Also : ജമ്മു കാശ്മീരിലും സ്‌കൂളില്‍ ഹിജാബിന് നിരോധനം; ‘നിഖാബ്’ ആണ് വിലക്കിയതെന്ന് സൈന്യം

സര്‍ചാര്‍ജ്ജുകളും സെസുകളും കേന്ദ്രത്തിന്റെ മൊത്തം നികുതി വരുമാനത്തിന്റെ 15 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. ഭരണഘടനയുടെ അനുച്ഛേദം 270 പ്രകാരം സര്‍ചാര്‍ജ്ജുകളും സെസുകളും സംസ്ഥാനങ്ങളുമായി വിഭജിക്കപ്പെടേണ്ട നികുതികളുടെ ഗണത്തില്‍പ്പെടുന്നില്ല. ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്ന നികുതിവിഹിതത്തില്‍പ്പെടാത്ത രീതിയിലാണ് കേന്ദ്രം നികുതി വര്‍ധിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ജി.എസ്.ടി നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള വിഹിതം സംസ്ഥാനങ്ങള്‍ക്കു നല്‍കുന്നതില്‍ കാലവിളംബം നടത്തുന്നതുവഴി കൊവിഡ് സാഹചര്യത്തില്‍ പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളെ വീണ്ടും സാമ്പത്തിക ഞെരുക്കത്തിലാക്കുകയാണ്. ഇത് കോ ഓപ്പറേറ്റീവ് ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് അനുസൃതമല്ല. 14 തവണ നികുതി വര്‍ധിപ്പിച്ച ശേഷം 4 തവണ കുറവ് വരുത്തുമ്പോള്‍ നികുതി വര്‍ധനവ് ഒരിക്കല്‍പോലും വരുത്താത്ത കേരളം പോലുള്ള സംസ്ഥാനത്തെ അസാന്ദര്‍ഭികമായി വിമര്‍ശിക്കുന്നത് ഖേദകരമാണ്. സാമൂഹ്യക്ഷേമ ചെലവുകളുടെ ഗണ്യമായ ഭാഗം വഹിക്കുന്ന സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക നിലയെക്കുറിച്ച് നല്ല ധാരണയുള്ള ഭരണാധികാരിയില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ് ഇതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

പല കാരണങ്ങളാല്‍ രാജ്യത്തുണ്ടായിട്ടുള്ള വിലക്കയറ്റത്തിന്റെ ഉത്തരവാദിത്തം സാമ്പത്തിക മാനേജ്മെന്റ് കൈകാര്യം ചെയ്യുന്ന കേന്ദ്രസര്‍ക്കാരിനല്ല, മറിച്ച് ചില സംസ്ഥാനങ്ങള്‍ക്കാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ഫെഡറല്‍ സംവിധാനത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാകാതിരിക്കണം. അതിന് ക്രമാതീതമായ നികുതി വര്‍ധന ഒഴിവാക്കിയേ തീരൂ. അതിനനുസൃതമായ നയങ്ങളിലൂടെ അടിക്കടിയുള്ള ഇന്ധന വര്‍ധന പിടിച്ചുനിര്‍ത്താനുള്ള നടപടികളാണ് രാജ്യതാത്പര്യം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്ന് അഭ്യര്‍ത്ഥിക്കുന്നു. സംസ്ഥാനത്തെ അകാരണമായി പഴിച്ച് ലഘൂകരിക്കാനാവുന്നതല്ല ഇന്ധന വിലവര്‍ധനയുടെ ഫലമായി ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Kerala has not increased petroleum tax in six years, Center has increased it 14 times: CM responds to PM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top