പീഡനക്കേസ് പ്രതി ജയിലിൽ മരിച്ച നിലയിൽ; സംഭവം ഉത്തർപ്രദേശിൽ

ഉത്തർപ്രദേശിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് അറസ്റ്റിലായ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. അഭിനവ് പ്രഖർ സിംഗ് എന്ന 21കാരനെയാണ് കനൗജ് ജില്ലാ ജയിലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പൈപ്പ് ലൈനിൽ ടവൽ ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു. മരിച്ച പ്രഖർ സിംഗ് ഹയർസെക്കൻഡറി വിദ്യാർത്ഥിയാണ്.
ജയിൽ വാർഡനാണ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ജയിലിന്റെ മുകൾ ഭാഗത്തുള്ള ജല പൈപ്പ് ലൈനിൽ ഇയാൾ എങ്ങനെ എത്തിയെന്ന് വ്യക്തമല്ല. സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്. ദളിത് പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് സിംഗിനെതിരായ പരാതി. മാർച്ച് ഇരുപത്തിനാലിനാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
നവംബറിൽ ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യാനായി കൊണ്ടുപോയ അൽത്താഫ് എന്ന മുസ്ലീം യുവാവിനെ കാസ്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ശുചിമുറിയിലെ ടാപ്പിൽ ചരട് ഉപയോഗിച്ച് അൽത്താഫ് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് അന്ന് പറഞ്ഞിരുന്നു. പിന്നാലെ കസ്റ്റഡി മരണം ആരോപിച്ച് കുടുംബം രംഗത്തെത്തി. പിന്നീട് യുവതി നൽകിയ പരാതി വ്യാജമാണെന്ന് കണ്ടെത്തി.
Story Highlights: rape suspect dies at jail in up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here