ഐ-ലീഗ് കിരീടത്തിനരികെ ഗോകുലം; നെരോക്കയെ 4 ഗോളിന് പരാജയപ്പെടുത്തി

ഐ-ലീഗിയിൽ വിജയ തേരോട്ടം തുടർന്ന് ഗോകുലം കേരള എഫ്.സി. ചൊവ്വാഴ്ചത്തെ മത്സരത്തിൽ നെരോക്ക എഫ്.സിയെ എതിരില്ലാത്ത നാല് ഗോളിന് ഗോകുലം പരാജയപ്പെടുത്തി. ഗോകുലത്തിനായി താഹിർ സമാൻ രണ്ടു ഗോളുകൾ നേടിയപ്പോൾ മറ്റൊരു മലയാളി താരമായ ശ്രീകുട്ടൻ ഒരു ഗോൾ നേടി. ജമൈക്കൻ താരം ഫ്‌ളെച്ചറാണ് ഗോൾ നേടിയ മറ്റൊരു താരം.
നിർണായക മത്സരത്തിൽ കരുതലോടെയാണ് ഇരുവരും തുടങ്ങിയത്. മത്സരത്തിൻ്റെ തുടക്കത്തിൽ കളിയുടെ ഗതി നിർണയിച്ചിരുന്നത് നെരോക്ക എഫ്.സി ആയിരുന്നെങ്കിലും, അതിന് വിപരീതമായി ആദ്യ ഗോൾ നേടിയത് ഗോകുലം കേരളയാണ്. നെരോക്ക എഫ്.സി പ്രതിരോധത്തിൽ വരുത്തിയ വീഴ്ച താഹിർ സമാൻ ഗോൾ ആക്കി മാറ്റി.
19ആം മിനിറ്റിലാണ് താഹിർ സമാൻ ഗോകുലത്തിന് ലീഡ് സമ്മാനിച്ചത്. ഒരു ഗോൾ വീണതോടെ നെരോക്ക അക്രമണം ശക്തമാക്കി. ഗോകുലം പോസ്റ്റ് ലക്ഷ്യമാക്കി നിരവധി തവണ നെരോക്ക മന്നേറ്റങ്ങൾ നടത്തിയെങ്കിലും പ്രതിരോധവും ഗോൾകീപ്പർ ധകറും ശക്തമായി നിലയുറപ്പിച്ചു. ഇതോടെ ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡ് ഗോകുലം സ്വന്തമാക്കി. ഇതിനിടയിൽ ഗോകുലത്തിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല.
ഗോകുലത്തിൻ്റെ യഥാർത്ഥ വീറു കണ്ടത്ത് രണ്ടാം പകുതിയിലാണ്. ആത്മവിശ്വാസം വീണ്ടെടുത്ത മലബാറിയൻസ് മൂന്ന് ഗോളുകളാണ് രണ്ടാം പകുതിയിൽ നേടിയത്. 48ാം മിനിട്ടിൽ താഹിർ സമാൻ തന്റെ രണ്ടാം ഗോൾ നേടി. 52 മിനിട്ടിൽ ഫ്ളച്ചർ ഗോകുലത്തിന്റെ ലീഡ് മൂന്നായി ഉയർത്തി. 93ാം മിനിട്ടിൽ ശ്രീക്കുട്ടന്റെ ഗോളും പിറന്നു. കളിയുടെ അവസാന വിസിൽ മുഴങ്ങുമ്പോൾ നെരോക്ക-0, ഗോകുലം-4.
ലീഗിൽ ഇനി മൂന്ന് മത്സരങ്ങൾ കൂടി ബാക്കിയുള്ള ഗോകുലത്തിന് ഇതിൽ നിന്ന് നാല് പോയിന്റ് കൂടി സ്വന്തമാക്കിയാൽ കിരീടം നിലനിർത്താൻ സാധിക്കും. നിലവിൽ 15 മത്സരത്തിൽ നിന്ന് 37 പോയിന്റുള്ള ഗോകുലം പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
Story Highlights: gokulam beats neroca in i league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here