തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് ഏകോപന സമിതി മെയ് 9 ന്

യുഡിഎഫ് സംസ്ഥാന ഏകോപന സമിതി തിങ്കളാഴ്ച ചേരും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയാകും. ഉച്ചയ്ക്ക് 12 ന് എറണാകുളം ഡിസിസിയിൽ ചേരുമെന്ന് എം എം ഹസൻ അറിയിച്ചു. ഇതിനിടെ ഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരോട് ആലോചിക്കാതെയെടുത്ത തീരുമാനമാണ് ഉമയുടെ സ്ഥാനാര്‍ത്ഥിത്വമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന്‍പറഞ്ഞു. പി. ടി തോമസിനോട് നന്ദി കാണിക്കേണ്ടത് ഭാര്യക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയല്ലെന്നുമാണ് വിമര്‍ശനം. സെമി കേഡര്‍ എന്ന പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അടിച്ചമര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും എം ബി മുരളീധരന്‍ കുറ്റപ്പെടുത്തി.
‘സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ ശരിക്കും ആദ്യം ഷോക്കായി. കാരണം ഒരു ചര്‍ച്ചയുമില്ലാതെയാണ് തീരുമാനമെടുത്തത്. പി. ടി തോമസിന്റെ ഭാര്യയെ കുറ്റംപറയുന്നില്ല. പാര്‍ട്ടി നേതൃത്വം ആലോചിക്കാതെയെടുത്ത തീരുമാനമാണ്. സെമി കേഡര്‍ സിസ്റ്റത്തിലേക്ക് പോകാനുള്ള നീക്കമാണല്ലോ. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന രീതിയാണോ ഇതെന്ന് സംശയിക്കുന്നതായും എം ബി മുരളീധരന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
ഇന്നലെയാണ് തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. കെപിസിസി നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു. ഉമാ തോമസിന്റെ പേര് മാത്രമാണ് കെപിസിസി പരിഗണിച്ചതും നിര്‍ദേശിച്ചതും. മുൻ കെ.എസ്.യു നേതാവ് കൂടിയായ ഉമ മത്സരരംഗത്തിറങ്ങുന്നതോടെ തൃക്കാക്കരയിലെ കോൺഗ്രസ് സംഘടനാ സംവിധാനം പൂർണമായും പ്രവർത്തസജ്ജമാകുമെന്ന പ്രതീക്ഷയിലാണ് കെപിസിസി നേതൃത്വം.
Story Highlights: UDF Coordinating Committee on May 9
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here