നടിയെ ആക്രമിച്ച കേസ്; സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് അതിജീവിത

നടിയെ ആക്രമിച്ച കേസില്‍ സുപ്രിംകോടതിക്ക് കത്തയച്ച് അതിജീവിത. ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന ആശങ്കയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനാണ് അതിജീവിത കത്തയച്ചത്. കോടതിയുടെ പക്കലുള്ള മെമ്മറി കാര്‍ഡില്‍ കൃത്രിമത്വം നടന്നോയെന്ന് അന്വേഷിക്കണമെന്നും ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും അതിജീവിത കത്തില്‍ ആവശ്യപ്പെട്ടു.
കേസില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി വേണം. വിചാരണ കോടതി ജഡ്ജിക്കെതിരെയും കത്തില്‍ പരാമര്‍ശിച്ച അതിജീവിത, ജഡ്ജി വസ്തുതകള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന് ഭയക്കുന്നതായി ചൂണ്ടിക്കാട്ടി. കോടതി ജീവനക്കാരെ രക്ഷിക്കാന്‍ അന്വേഷണം ഒഴിവാക്കുമോ എന്ന് ആശങ്കയുണ്ടെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ പറയുന്നു.
അതേസമയം സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ അതിജീവിതയോട് ഇന്ന് സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞു. അതിജീവിതയ്ക്ക് താല്‍പ്പര്യമുള്ളയാളെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാമെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. കേസിന്റെ വിചാരണക്കിടെ രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചിരുന്നു. കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ചായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചത്.
Read Also : അതിജീവിതയ്ക്ക് താൽപ്പര്യമുള്ളയാളെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറാക്കാമെന്ന് സർക്കാർ
അതിനിടെ നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് ആലുവയിലെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്തത്. വധഗൂഢാലോചനക്കേസിലും കാവ്യയെ ചോദ്യം ചെയ്തു. കാവ്യയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ തുടരന്വേഷണത്തിന്റെ നിര്‍ണായക ഘട്ടം പൂര്‍ത്തിയാകും. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലിയോടെയായിരുന്നു അന്വേഷണ സംഘം എത്തിയത്. 12 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ട് 4.35നാണ് അവസാനിച്ചത്. ചോദ്യം ചെയ്യല്‍ രണ്ട് ഘട്ടങ്ങളിലായാണ് നടന്നത്.ഒന്നാം ഘട്ടത്തില്‍ നടിയെ ആക്രമിച്ച കേസിലും രണ്ടാം ഘട്ടത്തില്‍ വധ ഗൂഢാലോചന കേസിലുമാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.
Story Highlights: actress attack case victim approaches supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here