ഷഹീന്‍ബാഗില്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ബുള്‍ഡോസറെത്തി; കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ്

ജഹാംഗിര്‍പുരിക്ക് പിന്നാലെ ഷഹീന്‍ബാഗിലും കയ്യേറ്റം ഒഴിപ്പിക്കാന്‍ ബുള്‍ഡോസറെത്തി. പൗരത്വ നിയമത്തിനെതിരായ വന്‍ പ്രതിഷേധത്തിന്റെ കേന്ദ്രമായ ഷഹീന്‍ ബാഗിലേക്ക് തെക്കന്‍ ഡല്‍ഹിയിലെ ബിജെപി ഭരിക്കുന്ന മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ ബുള്‍ഡോസറുമായി എത്തിയതോടെ നാട്ടുകാരുടെ വലിയ സംഘം ബുള്‍ഡോസറുകള്‍ തടഞ്ഞ് പ്രതിഷേധിച്ചു. ഒഴിപ്പിക്കല്‍ നടപടികള്‍ക്കെതിരായ പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ ദില്ലി പൊലീസും എത്തിയതോടെ ശക്തമായ പ്രതിഷേധം തീര്‍ത്ത് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി. ജനകീയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. (Bulldozers At Delhi’s Shaheen Bagh)
നടപടികള്‍ പൂര്‍ണമായി പാലിച്ചാണ് ഒഴിപ്പിക്കലിനെത്തിയതെന്നാണ് കോര്‍പറേഷന്റെ വാദം. ഡല്‍ഹിയിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയുടെ നിയമസഭാംഗം അമാനത്തുള്ള ഖാനും പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രദേശത്ത് അനധികൃതമായ കയ്യേറ്റങ്ങളൊന്നുമില്ലെന്നും ബുള്‍ഡോസര്‍ നടപടിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമാണുള്ളതെന്നും കോണ്‍ഗ്രസും എഎപിയും ആരോപിച്ചു.
ഷഹീന്‍ ബാഗിന് സമീപമുള്ള കാളിന്ദി കുഞ്ച്ജാമിയ നഗര്‍ പ്രദേശങ്ങളിലും ശ്രീനിവാസ്പുരിയിലും കനത്ത ജനകീയ പ്രതിഷേധമുണ്ടായി. ഷഹീന്‍ ബാഗിന് സമീപമുള്ള പ്രധാന റോഡുകളില്‍ ഗതാഗതം സ്തംഭിച്ചു. കൈയ്യേറ്റം ഒഴിപ്പിക്കാനുള്ള
ഡല്‍ഹി മുനിസിപ്പാലിറ്റിയുടെ പത്ത് ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് ഷഹീന്‍ ബാഗിലും ബുള്‍ഡോസറുകളെത്തിയത്.
Story Highlights: Bulldozers At Delhi’s Shaheen Bagh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here