ആനന്ദക്കണ്ണീരിന്റെ പൂരക്കാഴ്ച; വീഡിയോ വൈറൽ

പൂരം പെയ്‌തൊഴിഞ്ഞു. കാർമേഘങ്ങളിൽ തട്ടി രണ്ട് തവണ വെടിക്കെട്ട് മാറ്റിവച്ചു. പൂരത്തിൻറെ അനവധി ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ പരക്കുന്നത്. അതിലേറ്റവും ഹൃദ്യമായ ആൾക്കൂട്ടത്തിൻറെ ആരവങ്ങളിൽ നിന്ന് പകർത്തിയ ഒരു ദൃശ്യം ഇപ്പോൾ വൈറലായിരിക്കുകയാണ്. ( thrissur pooram boy and girl viral video )
മുമ്പ് പൂർണ തോതിൽ പൂരം നടന്ന കാലത്തേതിനേക്കാൾ ഇരട്ടിയോളമാളുകളാണ് ഇക്കുറി പൂരം കാണാനെത്തിയത്. മഠത്തിൽവരവ് പഞ്ചവാദ്യത്തിലും തിരുവമ്പാടിയുടെ മേളത്തിലും ഇലഞ്ഞിമരച്ചോട്ടിലും കുടമാറ്റത്തിലുമെന്നുവേണ്ട പിറ്റേ ദിവസത്തെ പകൽപൂരത്തിൽ പോലും ഒരിഞ്ചിടമില്ലാത്ത വിധമായിരുന്നു
ആളുകളുടെ തിക്കുംതിരക്കും.
കുടമാറ്റം നടക്കുമ്പോൾ ഒരു തരിമ്പ് ഇടമില്ലാത്തിടത്ത് യുവതിയെ ചുമലിലേറ്റി പൂരം കാണിക്കുന്ന യുവാവും ആസ്വാദനത്തിനിടയിൽ ആനന്ദക്കണ്ണീരണിയുന്ന യുവതിയുടെയും കാഴ്ചയാണ് പൂരത്തിന്റെ ഏറ്റവും മനോഹരമായ ദൃശ്യമായത്. ആരാണ് ഇരുവരുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
മന്ത്രി ഡോക്ടർ ആർ ബിന്ദു ഉൾപ്പെടെയുള്ളവർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ആരാണ് ഇവരെന്ന് അറിയില്ലെന്ന് മന്ത്രി ട്വൻറിഫോറിനോട് പറഞ്ഞു. പൂരം സ്ത്രീ സൗഹാർദ്ദപരമെന്നതിന്റെ നേർക്കാഴ്ചയാണ് ഈ ദൃശ്യമെന്നും മന്ത്രി പറഞ്ഞു. ‘ആ ആൺകുട്ടി യുവതിയെ ചുമലിലേറ്റാൻ കാണിച്ച സന്നദ്ധതയാണ് ഇതിലെ ഏറ്റവും വലിയ കാര്യം. അത്തരം സ്‌നേഹപൂർണമായ പിന്തുണയാണ് വേണ്ടത്’- മന്ത്രി ആർ ബിന്ദു പറഞ്ഞു.
Story Highlights: thrissur pooram boy and girl viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here