വീട്ട് ജോലിക്കാരിയെ മേക്കോവർ ചെയ്യിച്ച് യുവാവ്; സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് യുവതി; വിഡിയോ വൈറൽ

വീട്ട് ജോലിക്കായി എത്തുന്നവരോട് സ്‌നോഹത്തോടെ പോലും സംസാരിക്കാൻ മടിക്കുന്നവർക്കിടയിൽ അനീഷ് ഭഗത് എന്ന യുവാവ് മനുഷ്യത്വത്തിന്റെയും സ്‌നേഹത്തിന്റേയും അനുകമ്പയുടേയും മുഖമാകുന്നു. അനീഷിന്റെ വീട്ടിൽ സഹായത്തിനായി വന്ന സ്ത്രീയെ ഷോപ്പിംഗ് മാളിൽ കൊണ്ടുപോവുകയും, മേക്ക് ഓവർ നടത്തുകയും ചെയ്ത വിഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
വർഷങ്ങളായി അനീഷിന് വേണ്ടി വീട്ട് ജോലി ചെയ്യുന്ന വ്യക്തിയാണ് വിഡിയോയിലെ സ്ത്രീ. അവരുടെ ജീവിതത്തിലെ വലിയൊരു ഭാഗവും തന്റെ കുടുംബത്തിന് വേണ്ടി ചെലവഴിച്ചതിന് പകരമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് അനീഷിനെ ഇതിലേക്ക് നയിച്ചത്. സ്ത്രീയെ ഷോപ്പിംഗ് മാളിൽ കൊണ്ടുപോവുകയും പീസ വാങ്ങി നൽകുകയും ചെയ്തു. ജീവിതത്തിൽ ആദ്യമായാണ് സ്ത്രീ പീസ കഴിക്കുന്നത്. തുടർന്ന് ഒരു സലോണിൽ കൊണ്ടുപോയി മേക്ക് ഓവറും നടത്തി. ഇതോടെ വികാരനിർഭരയായ സ്ത്രീ ആനന്ദാശ്രു പൊഴിച്ചു. ഈ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായത്.
‘വീട്ട് ജോലിക്കാരോട് മോശമായി പെരുമാറുന്ന നിരവധി പേരെ കണ്ടിട്ടുണ്ട്. നിങ്ങളുടെ ശമ്പളം പറ്റുന്നു അല്ലെങ്കിൽ സാമ്പത്തികമായി നിങ്ങളെ ആശ്രയിക്കുന്നു എന്ന് കരുതി അവരെ ചൂഷണം ചെയ്യാനോ, അവരെ അപമാനിക്കാനോ നിങ്ങൾക്ക് അധികാരമില്ല. നമ്മളെല്ലാം മനുഷ്യരാണ്. കരുണയുടെ ചെറിയ സ്പർശങ്ങൾ ആരെയും വേദനിപ്പിക്കില്ലല്ലോ’- അനീഷ് പറയുന്നു.
അഞ്ച് ദിവസം മുൻപ് അനീഷ് തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വിഡിയോ ഇതിനോടകം 4.2 മില്യൺ ആളുകളാണ് കണ്ടത്.
Story Highlights: man makeover house maid video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here