വൈദ്യന്റെ കൊലപാതകം; മുഖ്യപ്രതി ഷൈബിന് സഹായം നല്‍കിയത് മുന്‍ എസ്‌ഐ എന്ന് സൂചന

പൈല്‍സിനായുള്ള ഒറ്റമൂലിയുടെ രഹസ്യ കൂട്ട് മനസിലാക്കാന്‍ നിലമ്പൂരില്‍ വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഷൈബിന് സഹായം നല്‍കിയത് മുന്‍ എസ്‌ഐ എന്ന് സൂചന. എല്ലാ പദ്ധതികള്‍ക്കും മുന്‍ എസ്‌ഐ സഹായം നല്‍കിയെന്ന് ഷൈബിന്‍ മൊഴി നല്‍കിയെന്നാണ് വിവരം. എസ്‌ഐ ഷൈബിന് വേണ്ടി പൊലീസിലും സ്വാധീനം ചെലുത്തിയെന്നാണ് കണ്ടെത്തല്‍.
10 വര്‍ഷത്തിനുള്ളില്‍ തട്ടിപ്പിലൂടെ പ്രതി ഷൈബിന്‍ സമ്പാദിച്ചത് 350 കോടി രൂപയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതിലൂടെ ഇയാള്‍ നിരവധി ആഡംബര വീടും വാഹനങ്ങളും സ്വന്തമാക്കി. ഷൈബിന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. ഇയാളുടെ സംഘം കൂടുതല്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
ഒന്നാം പ്രതിയായ ഷൈബിന്‍ സംഘാംഗങ്ങളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതിന്റെ ഓഡിയോ, വിഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നിട്ടുണ്ട്. മുക്കം സ്വദേശി ഹാരിസിന്റെ വീട്ടിലേക്ക് പോകുന്നവഴിയും ആക്രമണ പദ്ധതികളും ഓഡിയോയില്‍ വിവരിക്കുന്നുണ്ട്. ഒപ്പം സംഘാംഗങ്ങള്‍ ചെയ്യേണ്ട കാര്യങ്ങളും ഷൈബിന്‍ വിശദീകരിക്കുന്നുണ്ട്.
മൈസൂര്‍ സ്വദേശിയായ വൈദ്യനെ ഒന്നേക്കാല്‍ വര്‍ഷത്തോളം ഷൈബിന്റെ വീട്ടില്‍ ബന്ദിയാക്കി മര്‍ദിച്ച ശേഷമാണ് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി ആഢംബര കാറില്‍ കയറ്റി പുലര്‍ച്ചെ ചാലിയാര്‍ പുഴയിലേക്ക് എറിഞ്ഞതായാണ് പൊലീസിന്റെ കണ്ടെത്തല്‍. മൈസൂര്‍ രാജീവ് നഗര്‍ സ്വദേശി ഷാബാ ശെരീഫ് ആണ് കൊല്ലപ്പെട്ടത്.
Read Also : എസ്ഡിപിഐ വോട്ടിനായി ഇടതും വലതും വിലപേശുകയാണ്; വേണ്ടെന്ന് പറയാന്‍ തയ്യാറാണോ? സന്ദീപ് വാര്യര്‍
മൂലക്കുരുവിനുള്ള ഒറ്റമൂലിയെ കുറിച്ച് മനസ്സിലാക്കി കേരളത്തില്‍ മരുന്നു വ്യാപാരം നടത്താനാണ് ഇയാളെ തട്ടികൊണ്ടു വന്നത്. എന്നാല്‍ ഒറ്റമൂലിയെ കുറിച്ച് പറഞ്ഞുകൊടുക്കാന്‍ ഷാബാ ശെരീഫ് തയ്യാറായില്ല. തുടര്‍ന്ന് ഷൈബിന്റെ വീട്ടില്‍ ചങ്ങലയില്‍ ബന്ധിച്ച് തടവില്‍ പാര്‍പ്പിച്ചു. ഷൈബിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചും മുഖത്തേക്ക് സാനിറ്റൈസര്‍ അടിച്ചും, ഇരുമ്പു പൈപ്പു കൊണ്ട് കാലില്‍ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടയില്‍ ഷാബാ ശെരീഫ് കൊല്ലപ്പെടുകയായിരുന്നു. തുടര്‍ന്ന് ഷൈബിനും സഹായികളും ചേര്‍ന്ന് മൃതദേഹം വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി പുഴയിലേക്ക് തള്ളുകയായിരുന്നു.
Story Highlights: SI assisted the main accused Shaib in murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here