‘പ്രതിരോധം അതേ സമുദായത്തിനുള്ളില്‍ നിന്ന് വരണം’; സമസ്ത വിവാദത്തില്‍ സിപിഐ മുഖപത്രം

സമസ്ത വേദിയില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. സമൂഹം പുരോഗമനത്തിലേക്ക് കുതിക്കുമ്പോള്‍ പ്രാകൃത ചിന്താഗതിയുള്ളവര്‍ അതിനെ പിന്നോട്ടടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന ഘട്ടത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്നത് ആശ്വാസകരമാണെന്ന് ജനയുഗം വിലയിരുത്തി. എന്നാല്‍ സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ചില വര്‍ഗീയ സംഘടനകളുടെ ശ്രമങ്ങളെ തിരിച്ചറിയണമെന്നും ജനയുഗം ഓര്‍മ്മപ്പെടുത്തി. ബിജെപി നേതാക്കളുടെ പ്രതികരണങ്ങള്‍ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ജനയുഗത്തിന്റെ വിമര്‍ശനം. (cpi mouthpiece editorial on samastha row)
മതത്തിന്റേയും വര്‍ഗീയതയുടേയും യാഥാസ്ഥിതിക ചിന്തകളുടേയും കെട്ടുപാടുകള്‍ പൊട്ടിച്ച് സമൂഹം കൈവരിച്ച നേട്ടങ്ങളെ അക്കമിട്ട് നിരത്തിക്കൊണ്ടാണ് ജനയുഗം എഡിറ്റോറിയല്‍. സമൂഹത്തിന്റെ പൊതുചിന്ത ഇത്തരം പ്രാകൃത യാഥാസ്ഥിതിക നിലപാടുകള്‍ക്കെതിരാണെന്ന് വ്യക്തമാക്കുന്ന പ്രതികരണങ്ങളാണ് എല്ലാ കോണുകളില്‍ നിന്നും ഉണ്ടായത്. അതേസമയം ഈ വിഷയത്തെ സാമുദായികവല്ക്കരിക്കുവാനും രാഷ്ട്രീയവല്‍ക്കരിക്കുവാനുമുള്ള ശ്രമങ്ങള്‍ ആശാസ്യമല്ല. ഒരു മതത്തിനെതിരെ തിരിച്ചുവിടാനുള്ള ചില വര്‍ഗീയ സംഘടനകളുടെ ശ്രമങ്ങളെ തിരിച്ചറിയുകയും വേണമെന്ന് ജനയുഗം എഡിറ്റോറിയല്‍ പറയുന്നു.
Read Also: കേരളം ഭരിക്കുന്നത് താലിബാനല്ല എന്ന് പറയാനുള്ള ആര്‍ജവമെങ്കിലും മുഖ്യമന്ത്രി കാണിക്കണം: വി മുരളീധരന്‍
എല്ലാ മതങ്ങളിലും ഇത്തരം യാഥാസ്ഥിതിക പിന്തിരിപ്പന്‍ നിലപാടുകളില്‍ സമാന മനസ്‌കതയുള്ള ഒരു വിഭാഗമുണ്ടെന്നത് വസ്തുതയാണ്. ആധുനിക നവോത്ഥാന കേരളത്തില്‍ ഒരുതരത്തിലും വച്ചുപൊറുപ്പിക്കുവാന്‍ പാടില്ലാത്ത ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ അതേ സമുദായങ്ങള്‍ക്കകത്തുനിന്നുതന്നെ പ്രതിരോധമുയരണം. എങ്കില്‍ മാത്രമേ ഇത്തരം യാഥാസ്ഥിതിക ശക്തികളെ എല്ലാകാലത്തേക്കും ഇല്ലാതാക്കുവാന്‍ സാധിക്കൂ എന്ന നിരീക്ഷണവും ജനയുഗം എഡിറ്റോറിയല്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
Story Highlights: cpi mouthpiece editorial on samastha row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here