ലിതാരയുടെ മരണം; ദുരൂഹത നീക്കാൻ ഇടപെട്ട് എംഎൽഎ [ട്വന്റിഫോർ ഇംപാക്ട്]

ഇന്ത്യൻ ബാസ്കറ്റ് ബോൾ താരം കെസി ലിതാരയുടെ മരണത്തിലെ ദുരൂഹത നീക്കാൻ ഇടപെട്ട് ബിഹാറിലെ ദിഗ്ഗ എംഎൽഎ സഞ്ജീവ് ചൗരസ്യ. ബിഹാർ പൊലീസ് അന്വേഷണം വേഗത്തിലാക്കാമെന്ന് ഉറപ്പുനൽകിയതായി ഇദ്ദേഹം 24നോട് പറഞ്ഞു. അന്വേഷണത്തിൽ ചില നിർണായക വിവരങ്ങൾ ലഭിച്ചതായി എസ്ഐടിയും വ്യക്തമാക്കി. (kc lithara death mla)
കേസുമായി ബന്ധപ്പെട്ട് പൊലീസിനോട് സംസാരിച്ചിട്ടുണ്ടെന്ന് സഞ്ജീവ് ചൗരസ്യ പറഞ്ഞു. അന്വേഷണം വേഗത്തിലാക്കാൻ ആവശ്യപ്പെട്ടു. എല്ലാ കുറ്റക്കാരെയും ശിക്ഷിക്കും. കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കും. പരിശീലകൻ രവി സിംഗിനെ സംരക്ഷിക്കാൻ പൊലീസിനെ ശ്രമിക്കുന്നതായി തോന്നിയില്ല. കേസിൽ അലംഭാവം അനുവദിക്കില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
ലിതാരയുടെ മരണത്തിലെ ദുരൂഹത നീക്കാൻ റീ പോസ്റ്റ്‌മോർട്ടം നടക്കാൻ സാധ്യതയേറുകയാണ്. പോസ്റ്റ്‌മോർട്ടത്തിൽ അട്ടിമറി നടന്നെന്നാണ് ലിതാരയുടെ കുടുംബത്തിന്റെ ആരോപണം. ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പോസ്റ്റ്‌മോർട്ടം നടക്കുമ്പോൾ കോച്ച് രവി സിംഗ് അവിടെയുണ്ടായിരുന്നെന്ന് വിവരം ലിതാരയെ അറിയുന്നവർ ട്വന്റിഫോറിനോട് വെളിപ്പെടുത്തിയിരുന്നു.
Read Also: ബാസ്‌ക്കറ്റ് ബോള്‍ താരം ലിതാരയുടെ മരണത്തിലെ ദുരൂഹത; റീപോസ്റ്റ്‌മോര്‍ട്ടത്തിന് സാധ്യത
ഏപ്രിൽ 26നാണ് കെ സി ലിതാരയെ പട്‌നയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഏപ്രിൽ 27നാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. മരണം നടന്ന ദിവസം ഉച്ചയ്ക്ക് 1.40 ഓടെയാണ് ലിതാരയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയത്. ആ സമയം ആരോപണ വിധേയനായ കോച്ച് രവിസിംഗ് ആശുപത്രിയിലുണ്ടായിരുന്നു. അമ്മാവൻ രാജീവിന്റെ പരാതിയിൽ രവി സിംഗിനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടികളുമുണ്ടായില്ല. പിന്നീട് ട്വൻ്റിഫോറിൻ്റെ പ്രത്യേക റിപ്പോർട്ടുകളെ തുടർന്ന് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഈ സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.
ലിതാരയുടെ മരണത്തിൽ ആരോപണ വിധേയനായ കോച്ച് രവി സിംഗിനെ അനിശ്ചിത കാലത്തേക്ക് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. രവി സിംഗ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ കർശന നടപടിയുണ്ടാകുമെന്ന് ഈസ്റ്റ് സെൻട്രൽ റെയിൽവേ അറിയിച്ചു. റെയിൽവേ ഒരു തരത്തിലും കോച്ചിനെ സഹായിക്കുന്നില്ലെന്നും കേസിൽ വകുപ്പുതല അന്വേഷണത്തിന് സാധ്യതയില്ലെന്നും റെയിൽവേ മുഖ്യ വക്താവ് ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: kc lithara death digha mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here