കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ; കെഎൻ ബാലഗോപാൽ

കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാനത്തെ കേന്ദ്ര സർക്കാർ എല്ലാ അർത്ഥത്തിലും ഞെരുക്കുകയാണെന്ന് മന്ത്രിസഭാ യോഗത്തിൽ മന്ത്രി വ്യക്തമാക്കി. പൊതുവിപണിയിൽനിന്ന്കടമെടുപ്പിനുള്ള അനുമതി കേന്ദ്രം പരമാവധി വൈകിപ്പിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധനമന്ത്രാലയം വഴിയുള്ള കത്തിടപാടുകൾ തുടരാൻ മുഖ്യമന്ത്രി നിർദേശം നൽകി.
Read Also: സൈന്യത്തെ അയക്കില്ല; സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്കയെ സഹായിക്കുമെന്ന് ഇന്ത്യ
കിഫ്ബി, പൊതുമേഖല സ്ഥാപനങ്ങൾ തുടങ്ങിയവ വഴി എടുക്കുന്ന കടങ്ങളും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമായാണ് പൊതുവിപണിയിൽനിന്ന്കടമെടുപ്പിനുള്ള അനുമതി വൈകുന്നതെന്നാണ് സൂചന. കൊവിഡ് കാലത്ത് അനുവദിച്ച അധിക വായ്പയുടെ കാര്യത്തിലും വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയ്ക്ക് വിശദീകരണം നൽകിയെങ്കിലും മേയ് പകുതിയായിട്ടും അനുമതിയായിട്ടില്ല. അനുമതിക്കായി കേന്ദ്രത്തെ വീണ്ടും സമീപിക്കാനാണ് നീക്കം.
പൊതുവിപണിയിൽ നിന്ന് കടമെടുക്കാൻ അനുമതി വൈകുന്നത് സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ സംസ്ഥാനത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ഏപ്രിലിൽ 1000 കോടിയും മേയിൽ രണ്ടു തവണയായി 3000 കോടിയുമാണ് വായ്പ എടുക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, ഇവയൊന്നും സാധിക്കാതെ വന്നതോടെ ട്രഷറി നിയന്ത്രണം അടക്കം ഏർപ്പെടുത്തിയാണ് പിടിച്ചു നിന്നത്. ഇനിയും അനുമതി വൈകിയാൽ ശമ്പള-പെൻഷൻ വിതരണത്തെയും ഇത് പ്രതികൂലമായി ബാധിക്കും.
Story Highlights: Kerala in deep financial crisis; KN Bala Gopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here