അടുത്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാകുമോ എന്ന് പറയാനാകില്ല; ഐഐസിസി വക്താവ് ട്വന്റി ഫോറിനോട്

അടുത്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാകുമോ എന്ന് പറയാനാകില്ലെന്ന് ഐഐസിസി വക്താവ് ഗൗരവ് വല്ലഭ്. കോൺഗ്രസ് അധ്യക്ഷനെക്കുറിച്ച് തീരുമാനം ചിന്തൻ ശിബിരത്തിലുണ്ടാകില്ല. വ്യക്തതയില്ല, പാർട്ടിയാണ് പ്രധാനം. പാർട്ടിക്കുള്ളിൽ നിരവധി പ്രശ്നങ്ങളുണ്ട്. പ്രശ്നങ്ങൾ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ പരിഹരിക്കുമെന്ന് ഐഐസിസി വക്താവ് ട്വന്റിഫോറിനോട് പറഞ്ഞു.
പാർട്ടിയിലെ പ്രശ്നങ്ങൾ തീർക്കുന്നതിനാണ് ആദ്യ പരിഗണന. ശൈലി മാറ്റത്തിലേക്ക് കോൺഗ്രസ് ഉടൻ കടക്കും. മൂർച്ചക്കൂട്ടിയ ശൈലി കൊണ്ടുവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ ചിന്തൻ ശിബിരം നടക്കുന്ന ഉദയ്പൂരിലെ വേദിയിൽ രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരാനായി ഗണപതി ഹോമവും പൂജയും നടത്തി കോൺഗ്രസ് പ്രവർത്തകർ. പാർട്ടി നേതൃത്വത്തിന്റെ അനുമതിയോടെയാണ് ഹോമവും പൂജയും നടത്തുന്നതെന്ന് പൂജ നടത്തുന്ന ജഗദീശ് ശർമ്മ ട്വന്റിഫോറിനോട് പ്രതികരിച്ചു. മുതിർന്ന നേതാക്കളുടെ അനുമതിയോടെയാണ് പൂജ നടത്തുന്നത്.
ഇതിനിടെ ഗണപതി ഹോമം നടത്തുന്നത് രാഹുൽ ഗാന്ധിക്ക് കരുത്ത് പകരാനാണെന്നും മുതിർന്ന നേതാക്കൾ പറയുന്നു. രാജ്യത്തുടനീളം ഇത്തരത്തിലുള്ള പൂജകൾ നടത്തി കോൺഗ്രസിനെ രക്ഷിക്കാൻ പരിശ്രമിക്കുമെന്നാണ് ജഗദീശ് ശർമ്മ പറയുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും രാഹുൽ ഗാന്ധിക്കായി പൂജകൾ നടക്കുമെന്നാണ് ജഗദീശ് ശർമ്മയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്.
Read Also: രാഹുൽ ഗാന്ധിക്കായി ഗണപതി ഹോമവും പൂജയും
കോൺഗ്രസ് അധ്യക്ഷസ്ഥാനം സംബന്ധിച്ച ചർച്ചയിൽ രാഹുൽ ഗാന്ധിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. വിഷയത്തിൽ നിലപാട് അറിയിക്കുന്നില്ലെന്നും, പാർട്ടി ശാക്തീകരണ ചർച്ച തുടരട്ടെയെന്നും രാഹുൽ പറഞ്ഞു. അതേസമയം ജനറൽ സെക്രട്ടറിമാരുമായും സംസ്ഥാന ഭാരവാഹികളുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് ചിന്തൻ ശിബിർ ഉദയ്പൂരിൽ തുടരുകയാണ്.
Story Highlights: AICC Gourav Vallabh About Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here