എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എം.ബി.മുരളീധരന്‍ സിപിഐഎമ്മിലേക്ക്…?

എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എം.ബി.മുരളീധരന്‍ സിപിഐഎമ്മിലേക്ക് സൂചന. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഉമ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ എം.ബി.മുരളീധരന്‍ നേരത്തെ രംഗത്ത് വന്നിരുന്നു.
തൃക്കാക്കര തെരഞ്ഞെടുപ്പിന് 15 ദിവസം മാത്രം ശേഷിക്കെയാണ് കോണ്‍ഗ്രസിന് വലിയ ആഘാതം സൃഷ്ടിച്ചുകൊണ്ട് എം.ബി.മുരളീധരന്‍ കോണ്‍ഗ്രസ് വിടുന്നുവെന്ന സൂചന നല്‍കുന്നത്. ഇതെതുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് തനിക്ക് കോണ്‍ഗ്രസില്‍ തുടരാന്‍ താല്‍പര്യമില്ല അതുകൊണ്ട് തന്നെ ഇടതുമുന്നണിയിലേക്ക് വരുകയാണെന്ന കാര്യം അറിയച്ചതായാണ് ലഭിക്കുന്ന വിവരം.
സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച അന്നു മുതല്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നങ്ങളുണ്ട്. അത് താന്‍ തുറന്നു പറഞ്ഞുവെന്നേയുളളുവെന്ന് എം.ബി.മുരളീധരന്‍ വ്യക്തമാക്കുന്നു. തനിക്കിനി കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ താത്പര്യമില്ല. 48 വര്‍ഷത്തെ കോണ്‍ഗ്രസ് പാരമ്പര്യമുള്ള വ്യക്തിയാണ് താന്‍. പക്ഷേ ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയത് തെറ്റായ നടപടിയായി മാറി. മുതിര്‍ന്ന നേതാക്കളെയെല്ലാം അവഗണിച്ചുകൊണ്ട് വി.ഡി.സതീശനാണ് തീരുമാനങ്ങളെടുക്കുന്നത്. അതുകൊണ്ട് ഇനി കോണ്‍ഗ്രസില്‍ തുടരാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ ഭാഗമായാണ് എം.ബി.മുരളീധരന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ ജില്ലയിലെ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ മുരളീധരന്‍ ഇടതു മുന്നണിയുടെ ഭാഗമാകും. സിപിഐഎമ്മിലേക്ക് തന്നെയാകും എത്തുകയെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.
ഉമ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വമായി ബന്ധപ്പെട്ട് മുരളീധരന്‍ എതിര്‍പ്പ് ഉയര്‍ത്തിയപ്പോള്‍ തന്നെ ജില്ലാ നേതാക്കുളം സംസ്ഥാന നേതാക്കളും ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുമായി ഒരു കൂടിക്കാഴ്ചയ്ക്ക് തയാറാകണമെന്ന നിര്‍ദേശം നേതാക്കള്‍ മുന്നോട്ട് വച്ചിരുന്നെങ്കിലും എം.ബി.മുരളീധരന്‍ തയാറായിരുന്നില്ല. പിന്നീട് പ്രചാരണ പരിപാടികൡ പോലും സജീവമായി മുരളീധരനെ കാണുന്ന സ്ഥിതി ഉണ്ടായില്ല.
കഴിഞ്ഞ ദിവസമാണ് വിഷയത്തില്‍ ഒരു വ്യക്തമായ നിലപാട് പ്രഖ്യാപിക്കുന്നതും കോണ്‍ഗ്രസില്‍ തുടരാന്‍ കഴിയില്ലെന്ന് അറിയിക്കുന്നതും. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ വച്ച് ഡിസിസിയുടെ ഒരു പ്രധാനയോഗം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തിലും ഡിസിസി ജനറല്‍ സെക്രട്ടറിയായ എം.ബി.മുരളീധരന്‍ വിട്ടു നില്‍ക്കുന്ന കാഴ്ചയാണ് കാണാനായത്. ഇതില്‍ പോകുന്നില്ല നിലപാട് സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞത് ഉമയെ സ്ഥാനാര്‍ത്ഥിയാക്കുന്ന ഘട്ടത്തില്‍ അതൊരു ശരിയായ കീഴ്‌വഴക്കമല്ലെന്ന നിര്‍ദേശം പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ വച്ചതാണ്. ഉമ തോമസിന് പകരം മറ്റൊരു സ്ഥാനാര്‍ത്ഥിയെ പരിഗണിക്കണമായിരുന്നു. ചില നേതാക്കള്‍ സ്വന്തം വ്യക്തി താത്പര്യങ്ങള്‍ക്കനുസരിച്ചാണ് ഇത്തരമൊരു തീരുമാനവുമായി മുന്നോട്ട് പോയത്. കൂടിയാലോചനകള്‍ ഒരു ഘട്ടത്തില്‍ പോലും ഉണ്ടായിട്ടില്ല. ഡിസിസി ജനറല്‍ സെക്രട്ടറിയായ തന്നെ പോലും സ്ഥാനാര്‍ത്ഥി നിര്‍ണയുവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയിലും ഭാഗവാക്കാക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here