സർക്കാർ വാർഷികത്തിന് ക്ഷണിക്കേണ്ടത് ജില്ലാ ഭരണകൂടം; ഡെപ്യൂട്ടി സ്‌പീക്കറിനെതിരെ മന്ത്രി

ചിറ്റയം ഗോപകുമാറിനെതിരെ ആരോഗ്യ മന്ത്രി വീണാ ജോർജ്. ഡെപ്യൂട്ടി സ്പീക്കർ ഉന്നയിക്കുന്നത് വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ്. സർക്കാരിൻ്റെ വാർഷികത്തിന് ക്ഷണിക്കേണ്ടത് ജില്ലാ ഭരണകൂടമാണെന്നും ആരോഗ്യ മന്ത്രി. ഇടത് മുന്നണി നേതൃത്വത്തിന് വീണാ ജോർജ് പരാതി നൽകി. പത്തനംതിട്ടയുടെ ചുമതലയുള്ള മന്ത്രി എം.എൽ.എ.മാരുമായി കൂടിയാലോചിക്കുന്നില്ലെന്നും വിളിച്ചാൽ ഫോണെടുക്കാറില്ലെന്നും ചിറ്റയം കുറ്റപ്പെടുത്തിയിരുന്നു.
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ടുള്ള ‘എന്റെ കേരളം’ പ്രദർശന വിപണനമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ ചിറ്റയം ഗോപകുമാറിന്റെ അസാന്നിധ്യം വാർത്തയായിരുന്നു. ഈ ചടങ്ങിൽ അധ്യക്ഷനായി ചിറ്റയത്തെയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, താൻ അധ്യക്ഷത വഹിക്കേണ്ട പരിപാടിയെക്കുറിച്ച് അറിയിപ്പ് കിട്ടിയത് തലേന്ന് രാത്രി മാത്രമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ആരോപിച്ചു.
‘യു.ഡി.എഫ്. സർക്കാരിന്റെ കാലത്തുപോലും ഇത്രയും അവഗണനയുണ്ടായിട്ടില്ല. ഔദ്യോഗിക ആവശ്യങ്ങൾക്കായി വിളിച്ചാലും മന്ത്രി ഫോണെടുക്കാറില്ല. തിരിച്ചുവിളിക്കാറുമില്ല. ഒരുപാട് തവണയായി ഇതേ അനുഭവമാണ്. അതിനാൽ ഞാൻ ഇപ്പോൾ മന്ത്രിയെ വിളിക്കാറില്ല. സർക്കാർ ചെയ്തിട്ടുള്ള നല്ല കാര്യങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനായാണ് ഒന്നാം വാർഷികാഘോഷം. ആഘോഷം ഭംഗിയായി നടത്തുന്നതിന് എം.എൽ.എ.മാരുമായി കൂടിയാലോചന നടത്തേണ്ടത് മന്ത്രിയുടെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം മന്ത്രി നിർവഹിച്ചില്ല’-ചിറ്റയം കുറ്റപ്പെടുത്തിയിരുന്നു.
Story Highlights: minister against deputy sepaker
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here