Advertisement

അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഹാരിസിന്റേത് കൊലപാതകമെന്ന് ബന്ധുക്കള്‍

May 15, 2022
2 minutes Read

അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മുക്കം സ്വദേശി ഹാരിസിന്റെ മരണം കൊലപാതകമെന്ന് വീട്ടുകാരും ബന്ധുക്കളും. കൊല ചെയ്തത് ഹാരിസിന്റെ സുഹൃത്തും ബിസിനസ് പാര്‍ട്ണറും ആയ ഷൈബിന്‍ അശ്‌റഫ് എന്ന് ഹാരിസിന്റെ ഉമ്മ പറഞ്ഞു. ഇതെതുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാന്‍ ബന്ധുക്കള്‍ ഒരുങ്ങുകയാണ്. സംഭവം നടന്നത് 2020ല്‍ അബുദാബിയില്‍ വച്ച്.

മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം വെളിപ്പെടുത്താന്‍ വിസമ്മതിച്ചതിന് നിലമ്പൂരില്‍ പാരമ്പര്യ വൈദ്യനെ മൃഗീയമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷൈബിന്‍. പ്രതികള്‍ ഗള്‍ഫില്‍ രണ്ടു കൊലപാതകങ്ങള്‍ കൂടി ‘ബ്ലൂപ്രിന്റ് തയ്യാറാക്കി’ നടത്തിയതായി വീഡിയോ തെളിവുകള്‍ ലഭിച്ചിരുന്നു. മുഖ്യപ്രതിയും പ്രവാസി വ്യവസായിയുമായ ഷൈബിന്റെ ബിസിനസ് പങ്കാളിയായ കോഴിക്കോട് മുക്കം സ്വദേശി ഹാരിസ് കൈ ഞരമ്പ് മുറിച്ചും ഒപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശിനി ശ്വാസം മുട്ടിയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Read Also: എഴുപതിനായിരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കെ-ഫോണ്‍ വഴി സൗജന്യ ഇന്റര്‍നെറ്റ് നല്‍കാന്‍ സര്‍ക്കാര്‍

2020ല്‍ അബുദാബിയിലെ ഫ്‌ളാറ്റിലാണ് സംഭവം. യുവതിയെ കൊലപ്പെടുത്തി ഹാരിസ് ആത്മഹത്യ ചെയ്‌തെന്നാണ് ഷൈബിന്‍ പ്രചരിപ്പിച്ചിരുന്നത്. ആത്മഹത്യയെന്ന് തോന്നിപ്പിക്കും വിധമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകം നടത്തേണ്ടതിന്റെ രീതി വിശദമാക്കുന്ന ബ്ലൂപ്രിന്റ് ചുമരില്‍ പതിപ്പിച്ചതിന്റെ വീഡിയോ പ്രതികളിലൊരാളായ നൗഷാദ് പകര്‍ത്തിയതാണ് പുറത്തുവന്നത്. വീഡിയോ എടുത്തത് തന്റെ സേഫ്റ്റിക്കു വേണ്ടിയാണെന്നും ആവശ്യം വന്നാല്‍ മാത്രമേ ഉപയോഗിക്കൂ എന്നും പറഞ്ഞാണ് നൗഷാദ് വിഡിയോ ചിത്രീകരിച്ചതെന്നാണ് വിവരം.

45 പേജുള്ള ബ്ലൂപ്രിന്റില്‍ കൊലപാതകം നടത്തേണ്ട രീതി വിശദമാക്കുന്നുണ്ട്. നമ്പറിട്ട് ഒട്ടിച്ച ബ്ലൂപ്രിന്റില്‍ കൊലപാതക സംഘത്തിലെ ഓരോരുത്തര്‍ക്കുമുള്ള ചുമതല അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. ബലം പ്രയോഗിച്ചാണ് കൊലപാതകമെന്ന് തോന്നാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ പ്രത്യേകം സൂചിപ്പിക്കുന്നു. ബ്ലൂപ്രിന്റ് പ്രകാരം അഞ്ചു പേരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത്. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തും. ഹാരിസിന്റെയും എറണാകുളം സ്വദേശിനിയുടെയും ബന്ധുക്കളില്‍ നിന്ന് വിവരങ്ങള്‍ തേടും. വിദേശത്തുനടന്ന സംഭവമായതിനാല്‍ അബുദാബി പൊലീസിനും വിവരങ്ങള്‍ കൈമാറും. വൈദ്യന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുന്നതിനാണ് പൊലീസ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ഇതോടെയാണ് ഹാരിസിന്റെ കുടുംബം പരാതി നല്‍കാന്‍ ഒരുങ്ങുന്നത്.

Story Highlights: Relatives say Harris was found murdered in Abu Dhabi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top