ജി.എസ്.ടി സംബന്ധിച്ചുള്ള സുപ്രിം കോടതി വിധി സ്വാഗതം ചെയ്ത് കെ എൻ ബാലഗോപാൽ

സുപ്രിം കോടതി ഇന്ന് പുറപ്പെടുവിച്ച ജി.എസ്.ടി സംബന്ധിച്ചുള്ള വിധി വളരെ പ്രധാനപ്പെട്ടതും രാജ്യത്തെ നികുതി ഘടനയിലും കേന്ദ്ര സംസ്ഥാന ബന്ധങ്ങളിലും ദൂരവ്യാപക സ്വാധീനം ചെലുത്തുന്നതുമാണെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. ജി.എസ്.ടി കൗൺസിലിന്റെ നികുതി സംബന്ധിച്ചുള്ള ശുപാർശകൾ അടിച്ചേൽപ്പിക്കാൻ കഴിയുന്നവയല്ലെന്നും മറിച്ച് ഉപദേശരൂപത്തിലുള്ളതാണെന്നുമുള്ള ഈ വിധിയിലൂടെ സംസ്ഥാനത്തിന്റെ ഫെഡറൽ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയും.
വിധിയുടെ വിശദാംശങ്ങൾ പൂർണമായും പുറത്തു വരാനിരിക്കുന്നതേയുള്ളൂ. എന്നിരുന്നാലും ഈ വിധി കോപ്പറേറ്റീവ് ഫെഡറലിസത്തിന്റെ പ്രസക്തി ഉയർത്തിപ്പിടിക്കുന്നു എന്നത് അങ്ങേയറ്റം സ്വാഗതാർഹമാണ്. ജി എസ് ടി നടപ്പിലാക്കാൻ നടപടികൾ തുടങ്ങിയ കാലം മുതൽ പാർലമെന്റിനകത്തും പുറത്തും ഇടതുപക്ഷം ഉയർത്തിപ്പിടിച്ച നിലപാടുകളെ സാധൂകരിക്കുന്ന വിധിയാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പുറപ്പെടുവിച്ചിരിക്കുന്നത്.
Story Highlights: പ്രചാരണം അടിസ്ഥാന രഹിതം; സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ
ജി എസ് ടി നടപ്പിലാക്കുകയും തുടർന്ന് ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്തത് സംസ്ഥാനങ്ങളുടെ വരുമാനത്തെയും ഖജനാവിനെയും ബാധിച്ചിരുന്നു.സംസ്ഥാനങ്ങൾക്ക് അവരുടെ സാമ്പത്തിക അസ്തിത്വത്തെയും അധികാരത്തെയും ഒരു പരിധിവരെ സംരക്ഷിക്കാൻ ഇതിലൂടെ കഴിയും എന്നാണ് പ്രത്യാശിക്കുന്നത്.
പാർലമെന്റ് അംഗമെന്ന നിലയിൽ ജി എസ് ടി സെലക്ട് കമ്മിറ്റിയിൽ അംഗമായിരുന്ന ഘട്ടത്തിൽ തന്നെ ജി എസ് ടി ബില്ലിലെ സംസ്ഥാന താല്പര്യങ്ങൾക്ക് എതിരായ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിധിയിലൂടെ കുറേക്കൂടി സുതാര്യമായി സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള തീരുമാനങ്ങൾ രാജ്യത്തുണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും ധനമന്ത്രി വ്യക്തമാക്കി.
Story Highlights: KN Balagopal welcomes Supreme Court verdict on GST
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here