മരിയുപോളിൽ 1000 സൈനികർ കൂടി കീഴടങ്ങി; റഷ്യ

മരിയുപോളിലെ അസോവ്സ്റ്റൽ ഉരുക്ക് പ്ലാന്റിൽ പ്രതിരോധം തീർത്ത ആയിരത്തോളം യുക്രൈൻ സൈനികർ കീഴടങ്ങിയതായി റഷ്യ. അതേസമയം, ഉന്നത കമാൻഡർമാർ പ്ലാന്റിനുള്ളിലുണ്ടെന്നും വിഘടനവാദി നേതാവ് പറയുന്നു. തിങ്കളാഴ്ച മുതൽ 950ലധികം സൈനികർ കീഴടങ്ങിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
റഷ്യൻ അധിനിവേശം ആരംഭിച്ച ശേഷം യുക്രൈനിൽ 3,752 പൗരന്മാർ കൊല്ലപ്പെടുകയും 4,062 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈകമീഷണറുടെ ഓഫിസ് സ്ഥിരീകരിച്ചു. 229 കുട്ടികൾ മരിക്കുകയും 424 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി യുക്രൈനിലെ മനുഷ്യാവകാശ ഓംബുഡ്‌സ്മാൻ ലുഡ്‌മില ഡെനിസോവ പറഞ്ഞു. റഷ്യൻ അധിനിവേശ നഗരമായ മെലിറ്റോപോളിൽ നിരവധി ഉന്നത റഷ്യൻ ഉദ്യോഗസ്ഥരെ യുക്രൈൻ സൈന്യം വധിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഡൊനെറ്റ്സ്ക് മേഖലയിൽ റഷ്യൻ ആക്രമണത്തിൽ ഏഴ് പൗരന്മാർ കൊല്ലപ്പെട്ടതായി മേഖല ഗവർണർ ആരോപിച്ചു. ചെർനിഹിവിലെ ഡെസ്‌ന ഗ്രാമത്തിൽ റഷ്യൻ വ്യോമാക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റീജനൽ എമർജൻസി സർവിസ് അറിയിച്ചു. യുക്രൈൻ്റെ കിഴക്കും തെക്കും ഭാഗങ്ങളുടെ പൂർണ നിയന്ത്രണം കൈപ്പിടിയിലൊതുക്കാനാണ് റഷ്യൻ ശ്രമം.
Story Highlights: Russia says nearly 1000 more Mariupol fighters surrender
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here