Advertisement

കോലി തിളങ്ങി, ഗുജറാത്തിനെ എട്ട് വിക്കറ്റിന് തോൽപിച്ച് ബാംഗ്ലൂർ

May 19, 2022
2 minutes Read

ഐപിഎൽ നിർണായക മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഗുജറാത്ത് ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം എട്ട് പന്തുകൾ ബാക്കി നിൽക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ബാംഗ്ലൂർ മറികടന്നു. ജയത്തോടെ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്ന ആർസിബി പ്ലേഓഫ് സാധ്യത സജീവമാക്കി.

169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് മികച്ച തുടക്കമാണ് ലഭിച്ചത്. മുൻ നായകൻ വിരാട് കോലിയുടെ തിരിച്ചുവരവിനാണ് വാങ്കഡെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസും കോലിയും ടീമിന് വേഗമേറിയ തുടക്കം നൽകി. നാലാം ഓവറിൽ വിരാട് കോലിയുടെ ക്യാച്ച് റാഷിദ് ഖാൻ കൈവിട്ടു. ഇത് മുതലെടുത്താണ് കോലി ഈ സീസണിലെ തന്റെ രണ്ടാം അർധസെഞ്ചുറി നേടിയത്.

നേരത്തെ നേടിയ അർധസെഞ്ചുറിയും ഗുജറാത്തിനെതിരെയായിരുന്നു. ഇതിനിടയിൽ ടി20യിൽ ആർസിബിക്ക് വേണ്ടി കോലി 7000 റൺസ് തികച്ചു. കോലിയും ഡ്യുപ്ലേസിയും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 115 റൺസ് കൂട്ടിച്ചേർത്തു. ഈ സീസണിൽ ബാംഗ്ലൂരിനായി ആദ്യ വിക്കറ്റിലെ രണ്ടാം സെഞ്ച്വറി കൂട്ടുകെട്ടാണിത്. 54 പന്തിൽ 73 റൺസെടുത്താണു കോലി പുറത്തായത്. ക്യാപ്റ്റൻ ഫാഫ് ഡ്യുപ്ലേസിയും (38 പന്തിൽ 44), ഗ്ലെൻ മാക്സ്‍വെല്ലും (18 പന്തില്‍ 44) തിളങ്ങി.

നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസിന് മോശം തുടക്കമാണ് ലഭിച്ചത്.എന്നാൽ അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മുന്നിൽനിന്നു നയിച്ചപ്പോൾ ഓപ്പണർ വൃദ്ധിമാൻ സാഹ, ഡേവിഡ് മില്ലർ എന്നിവരുടെ ഇന്നിങ്സുകളും ഗുജറാത്തിനു തുണയായി. 47 പന്തുകൾ നേരിട്ട പാണ്ഡ്യ 62 റൺസെടുത്താണു പുറത്തായത്. 22 പന്തുകൾ നേരിട്ട സാഹ 31 റൺസും 25 പന്തുകൾ നേരിട്ട മില്ലർ 34 റൺസും ഗുജറാത്ത് ഇന്നിങ്സിൽ കൂട്ടിച്ചേർത്തു.

Story Highlights: Virat Kohli roars back to form as Bangalore beat Gujarat by 8 wickets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top