ഖത്തർ ലോകകപ്പ്: കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്രത്തിൽ ആദ്യം

ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും. ആകെ ആറ് വനിതാ റഫറിമാരാണ് ഖത്തറിൽ കളി നിയന്ത്രിക്കുക. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്. പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ഇത് ആദ്യമായാണ് വനിതകൾ റഫറിമാരായി എത്തുന്നത്. ആകെ 36 റഫറിമാരാണ് ഖത്തർ ലോകകപ്പ് നിയന്ത്രിക്കുക.
ഫ്രാൻസിന്റെ സ്റ്റെഫാനി ഫ്രപ്പാർട്ട്, റുവാണ്ടയുടെ സലീമ മുകൻസംഗ, ജപ്പാന്റെ യോഷിമി യമഷിത എന്നിവരാണ് പ്രധാന റഫറിമാർ. ബ്രസീലിന്റെ ന്യൂസ ബാക്ക്, മെക്‌സിക്കോയുടെ കാരൻ ഡയസ് മദീന, അമേരിക്കയുടെ കാതറിൻ നൈസ്ബിറ്റ് എന്നിവർ അസിസ്റ്റന്റ് റഫറിമാരാവും. ആകെ 36 പ്രധാന റഫറിമാരും 69 അസിസ്റ്റന്റ് റഫറിമാരും 24 വീഡിയോ മാച്ച് ഒഫീഷ്യൽസുമാണ് ഖത്തർ ലോകകപ്പിൽ ഉള്ളത്.
ഈ വർഷം നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് നടക്കുക. പ്രമുഖ എഡ് ടെക് കമ്പനിയായ ബൈജൂസ് ആണ് ഫിഫ ലോകകപ്പ് 2022 ന്റെ ഔദ്യോഗിക സ്‌പോൺസർ. ഫിഫ ലോകകപ്പിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി സ്‌പോൺസർമാരാകുന്നത്. ലോകകപ്പ് സ്‌പോൺസർ ചെയ്യുന്ന ആദ്യ ഇന്ത്യൻ സ്ഥാപനം എന്നതിലുപരി, ആദ്യ എഡ്യു-ടെക്ക് സ്ഥാപനം കൂടിയാണ് ബൈജൂസ്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെയും സ്‌പോൺസർമാരാണ് ബൈജൂസ്.
Story Highlights: qatar world cup female referees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here