സീസണിൽ ഏറ്റവും സ്വാധീനശേഷിയുള്ള ക്യാപ്റ്റൻ സഞ്ജു സാംസൺ: പാർത്ഥിവ് പട്ടേൽ

ഈ സീസണിൽ ഏറ്റവും സ്വാധീനശേഷിയുള്ള ക്യാപ്റ്റൻ സഞ്ജു സാംസൺ ആണെന്ന് ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പറും കമൻ്റേറ്ററുമായ പാർത്ഥിവ് പട്ടേൽ. ക്യാപ്റ്റൻസിയിൽ സഞ്ജു ഒരുപാട് മെച്ചപ്പെട്ടു. ശാന്തനായി തീരുമാനങ്ങളെടുത്തു. തീരുമാനങ്ങളെടുക്കുന്നതിൽ ദൃഢതയുണ്ടായിരുന്നു എന്നും പാർത്ഥിവ് പറഞ്ഞു.
“സീസണിൽ ഏറ്റവും സ്വാധീനശേഷിയുള്ള ക്യാപ്റ്റൻ സഞ്ജു ആണ്. ക്യാപ്റ്റൻസിയിൽ സഞ്ജു ഒരുപാട് മെച്ചപ്പെട്ടു. ശാന്തനായി തീരുമാനങ്ങളെടുത്തു. തീരുമാനങ്ങളെടുക്കുന്നതിൽ ദൃഢതയുണ്ടായിരുന്നു. യുഎഇയിൽ നടന്ന സീസണിൽ മികച്ച ടീമിനെ സഞ്ജുവിന് ലഭിച്ചിരുന്നില്ല. ഇത്തവണ മെഗാ താര ലേലത്തിലൂടെ സന്തുലിതമായ സംഘത്തെ കണ്ടെത്താൻ രാജസ്ഥാന് കഴിഞ്ഞു.”- സഞ്ജു പറഞ്ഞു.
ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസ് ആദ്യ ക്വാളിഫയർ കളിക്കാനിറങ്ങുകയാണ്. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ രാത്രി 7.30നാണ് മത്സരം. മത്സരത്തിന് മഴ ഭീഷണിയുണ്ട്. നിലവിൽ മഴ അകന്നുനിൽക്കുകയാണെങ്കിലും ഈഡൻ ഗാർഡൻസിൽ മഴ പെയ്യാനിടയുണ്ടെന്നാണ് റിപ്പോർട്ട്. ഒരു മണിക്കൂർ മുൻപ് വരെ സ്റ്റേഡിയത്തിൽ മഴ പെയ്തിരുന്നു എന്നതും ആരാധകർക്ക് ആശങ്കയാണ്. മഴ പെയ്ത് കളി മുടങ്ങിയാൽ ഐപിഎൽ ചരിത്രത്തിലാദ്യമായി സൂപ്പർ ഓവറിൽ ജേതാക്കളെ പ്രഖ്യാപിക്കും.
നിലവിൽ 35 ഡിഗ്രിയാണ് ഈഡൻ ഗാർഡൻസിലെ ഊഷ്മാവ്. മൈതാനം മുഴുവൻ മൂടിയിരിക്കുകയാണ്. തെളിഞ്ഞ ആകാശമാണെങ്കിലും അന്തരീക്ഷത്തിൽ ഈർപ്പമുണ്ട്. അഞ്ച് ഓവറെങ്കിലും കളി നടന്നില്ലെങ്കിൽ മത്സരം സൂപ്പർ ഓവറിൽ തീരുമാനിക്കും. സൂപ്പർ ഓവറും നടന്നില്ലെങ്കിൽ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമിനെ വിജയി ആയി പ്രഖ്യാപിക്കും.
പോയിൻ്റ് പട്ടികയിൽ ടൈറ്റൻസ് ഒന്നാമതും രാജസ്ഥാൻ രണ്ടാമതും ഫിനിഷ് ചെയ്തു. ഇന്ന് വിജയിക്കുന്ന ടീം ഫൈനലിൽ പ്രവേശിക്കും. പരാജയപ്പെടുന്ന ടീം ലക്നൗ സൂപ്പർ ജയൻ്റ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ നടക്കുന്ന എലിമിനേറ്ററിലെ വിജയിയെ നേരിടും.
Story Highlights: parthiv patel sanju samson captain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here