ഇന്തോ പസഫിക് മേഖലയിലെ കടന്നുകയറ്റങ്ങളെ ചെറുക്കും; ചൈനയുടെ പേര് പറയാതെ ക്വാഡ് പ്രഖ്യാപനം

ഇന്തോ-പസഫിക് മേഖലയുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ക്വാഡ് ഉച്ചകോടിയില്‍ സുപ്രധാന പ്രഖ്യാപനം. ചൈനയുടെ പേരെടുത്ത് പറയാതെയാണ് മേഖലയിലെ കടന്നുകയറ്റം ചെറുക്കുമെന്ന് ക്വാഡ് പ്രഖ്യാപിച്ചത്. മേഖലയിലെ അനധികൃതമായ കടന്നുകയറ്റങ്ങള്‍ക്കെതിരെ ക്വാഡ് ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. (quad summit clear message against china)
മേഖലയിലെ സമാധാനം തകര്‍ക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളേയും പ്രതിരോധിക്കുമെന്നാണ് ക്വാഡ് ഉച്ചകോടി നിലപാടെടുത്തത്. നിയമവിരുദ്ധമായ മത്സ്യബന്ധമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഉപഗ്രഹ നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തുമെന്നും തീരുമാനമായി.
ക്വാഡ് സാധ്യതകള്‍ വിശാലമാവുകയാണ്. പരസ്പര സഹകരണവും നിശ്ചയദാര്‍ഢ്യവും ജനാധിപത്യ ശക്തികള്‍ക്ക് പുതു ഊര്‍ജം പകരും. കൊവിഡ് സാഹചര്യത്തിലും വാക്‌സിന്‍ കയറ്റുമതി, കാലാവസ്ഥ വ്യതിയാനം, ദുരന്തമുഖത്തെ പ്രതികരണം, സാമ്പത്തിക സഹകരണം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ, യു എസ്, ജപ്പാന്‍, ഓസ്‌ട്രേലിയ രാജ്യങ്ങള്‍ അടങ്ങുന്നതാണ് ക്വാഡ്.
അതിനിടെ, റഷ്യന്‍ പ്രസിഡന്റ് പുടിനെതിരെ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ ക്വാഡ് ഉച്ചകോടിയില്‍ വിമര്‍ശിച്ചു. പുടിന്‍ ഒരു സംസ്‌കാരത്തെ തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് യുക്രൈന്‍ സംഘര്‍ഷം സൂചിപ്പിച്ച് ജോ ബൈഡന്‍ പറഞ്ഞു. യൂറോപ്പിന്റെ പ്രശ്‌നമായി മാത്രം കാണാന്‍ കഴിയില്ല. ആഗോള വിഷയമാണ്. ധാന്യ കയറ്റുമതിയില്‍ റഷ്യ യുക്രൈനെ തടയുന്നത് ആഗോള ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാക്കിയേക്കും. റഷ്യ യുദ്ധവുമായി മുന്നോട്ടു പോകുന്നത് വരെ യു.എസും തങ്ങളുടെ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി.
Story Highlights: quad summit clear message against china
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here