“പുരുഷന്മാർ തമ്മിൽ വിവാഹം കഴിച്ചാൽ കുട്ടികളുണ്ടാവുമോ?”; സ്ത്രീധനത്തിനെതിരെ പ്രതികരിച്ച് വെട്ടിലായി ബീഹാർ മുഖ്യമന്ത്രി

സ്ത്രീധനത്തിനെതിരെ പ്രതികരിച്ച് വെട്ടിലായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. “പുരുഷന്മാർ തമ്മിൽ വിവാഹം കഴിച്ചാൽ കുട്ടികളുണ്ടാവുമോ?” എന്ന് ചോദിച്ചാണ് നിതീഷ് കുമാർ വിവാദത്തിലായത്. പാറ്റ്നയിലെ വനിതാ ഹോസ്റ്റൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നിതീഷ് കുമാർ. നിതീഷ് കുമാറിൻ്റെ പ്രസംഗത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
“മുൻപ് എഞ്ചിനീയറിംഗ്, മെഡിക്കൽ കോഴ്സുകളിൽ വളരെ കുറച്ച് പെൺകുട്ടികളേ ഉണ്ടായിരുന്നുള്ളൂ. ഏതെങ്കിലും പെൺകുട്ടികൾ ഈ കോഴ്സിനു ചേർന്നാൽ എല്ലാവരും അവരെ തുറിച്ചുനോക്കുമായിരുന്നു. പക്ഷേ ഇപ്പോൾ, നിരവധി പെൺകുട്ടികൾ എഞ്ചിനീയറിംഗ്, മെഡിക്കൽ കോഴ്സുകൾ പഠിക്കുന്നു. സ്ത്രീധനത്തിനെതിരെയും ശൈശവ വിവാഹത്തിനെതിരെയും ഞങ്ങൾ ക്യാമ്പയിനുകൾ ആരംഭിച്ചു. വിവാഹത്തിനായി സ്ത്രീധനം വാങ്ങുന്നതിനെക്കാൾ മോശമില്ല. വിവാഹം കഴിച്ചാലേ നിങ്ങൾക്ക് കുട്ടികളുണ്ടാവൂ. നമ്മളെല്ലാം മാതാക്കൾക്ക് ജനിച്ചവരാണ്. പുരുഷന്മാർ തമ്മിൽ വിവാഹം കഴിച്ചാൽ കുട്ടികളുണ്ടാവുമോ? സ്ത്രീധനം വാങ്ങുന്നില്ലെന്ന് എഴുതിനൽകുന്ന വിവാഹങ്ങൾക്കേ ഞാൻ പങ്കെടുക്കൂ. അത് എല്ലാവർക്കും അറിയാം.”- നിതീഷ് കുമാർ ചോദിച്ചു.
Story Highlights: Nitish Kumar against dowry controversy same sex marriage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here