‘പരാജയപ്പെട്ട വിവാഹം വ്യക്തി ജീവിതത്തിന്റെ അവസാനമല്ല’; ഇത് നൗജിഷ പറയുന്നത് സ്വന്തം ജീവിതം ഉദാഹരണമാക്കിയാണ്

ബിന്ദിയ മുഹമ്മദ്/നൗജിഷ
2016 മെയ് 10…പുലർച്ചെ ഭർത്താവിന്റെ മർദനമേറ്റ് കീറിയ നൈറ്റിയുമായി ജീവനും കൈയിൽ പിടിച്ച് നൗജിഷ ഓടി…ആദ്യം അയൽപകത്തെ വീട്ടിലേക്ക്…അവിടുന്ന് അയൽവാസിയായ യുവതി തന്റെ പർദ നൗജിഷയ്ക്ക് നൽകി ഒരു ഓട്ടേയിൽ അവരുടെ ബന്ധുവിന്റെ വീട്ടിലേക്ക് രഹസ്യമായി കടത്തി.. അവിടെ നിന്നും ഉപ്പയും ബന്ധുക്കളും ചേർന്ന് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി… അന്ന് നൗജിഷ ഓടിയകന്നത് കൈപ്പേറിയ അനുഭവങ്ങൾ മാത്രം നൽകിയ, വേദനകളുടെ മൂന്ന് വർഷങ്ങൾ നൽകിയ, നരക തുല്യമായ വിവാഹ ബന്ധത്തിൽ നിന്നായിരുന്നു. ഓടിക്കയറിയതോ…നാടിന്റേയും കുടുംബത്തിന്റേയും അഭിമാനം വാനോളം ഉയർത്തി സിവിൽ പൊലീസ് ഓഫിസർ എന്ന തസ്തികയിലേക്കും…
2013ൽ ആയിരുന്നു നൗജിഷയുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കകം തന്നെ നൗജിഷയ്ക്ക് ഭർത്താവിൽ നിന്ന് മർദനങ്ങളേറ്റ് തുടങ്ങി. മറ്റൊരു സ്ത്രീയുമായുള്ള ഭർത്താവിന്റെ ബന്ധം ചോദ്യം ചെയ്തതിന് നൗജിഷയ്ക്ക് കടന്ന് പോകേണ്ടി വന്നത് സമാനതകളില്ലാത്ത പീഡനമുറകളിലൂടെയായിരുന്നു. അടിയും ഇടിയും നൗജിഷയ്ക്ക് സ്ഥിരമായി. ഒരു വർഷമാണ് നൗജിഷ ഈ പീഡനങ്ങളെല്ലാം സഹിച്ചത്. എതിർക്കാൻ സാധിക്കാതെ നൗജിഷയുടെ ഭർതൃവീട്ടുകാർ നിസഹായരായി നിന്ന് കണ്ണീർവാർത്തു. പള്ളികമ്മിറ്റിയെ ഉൾപ്പെടുത്തി പലതവണ നൗജിഷ നേരിടേണ്ടി വന്ന ഗാർഹിക പീഡനത്തിന് ഭർതൃവട്ടുകാർ തന്നെ പരിഹാരം കാണാൻ ശ്രമിച്ചിട്ടുണ്ട്.
നൗജിഷ ഇതൊന്നും പക്ഷേ സ്വന്തം വീട്ടിൽ പറഞ്ഞിട്ടില്ല. വിവാഹം കഴിച്ചുവിട്ട മകൾ സന്തോഷവതിയല്ലെന്ന് അറിഞ്ഞാൽ സ്വന്തം മാതാപിതാക്കൾ വിഷമിക്കുമോയെന്ന ഉത്കണ്ഡയാണ് നൗജിഷയെ പിന്നോട്ട് വലിച്ചത്. ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ച നാളുകളുണ്ട്…. ഇതെല്ലാം ഇന്ന് നൗജിഷ മറക്കാൻ ആഗ്രഹിക്കുന്ന ഇന്നലെകൾ മാത്രമാണ്.
ഈ കഥകളെല്ലാം ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമുമായി പങ്കുവയ്ക്കുമ്പോൾ നൗജിഷയ്ക്ക് വേണ്ടിയിരുന്നത് തന്റെ സമാന അവസ്ഥകളിലൂടെ കടന്ന് പോകുന്ന നിരവധി പെൺകുട്ടികളുടെ ഉയർത്തെഴുനേൽപ്പായിരുന്നു. പരാജയപ്പെട്ട വിവാഹം ജീവിതത്തിന്റെ അവസാനമല്ലെന്ന് സ്വന്തം ജീവിതം കൊണ്ട് നൗജിഷ കാണിച്ചു തരികയാണ്.
ഇന്ന് നൗജിഷയെ മുന്നോട്ട് നയിക്കാൻ കാക്കി യൂണിഫോമും, ഏഴ് വയസുകാരനായ ഐഹാം നസൽ ഒപ്പമുണ്ട്. വിവാഹത്തിൽ നിന്ന് നൗജിഷയ്ക്ക് ലഭിച്ച ഏക ആശ്വാസം ഈ കൊച്ചു മിടുക്കനാണ്.
ഭർതൃവീട്ടിൽ നിന്ന് തിരിച്ചെത്തിയ നൗജിഷയെ ഉപ്പ അബ്ദുള്ളയും ഉമ്മ ഫാത്തിമയും സഹോദരി നൗഫും ചേർത്ത് പിടിച്ചു. ഈ ചേർത്ത് നിർത്തലുകളാണ് പലപ്പോഴും സ്ത്രീകൾക്ക് ലഭിക്കാതെ പോകുന്നത്.
വിവാഹം നൽകിയ ട്രോമയിൽ നിന്ന് നൗജിഷ കരകയറിയത് പഠനത്തിലൂടെയായിരുന്നു. എംസിഎ ബിരുദധാരിയായിരുന്ന നൗജിഷ പിഎസ്‌സി പഠനവുമായി മുന്നോട്ട് പോയി. പേരാമ്പ്രയിൽ തന്നെയുള്ള പിഎസ്‌സി പഠനകേന്ദ്രത്തിൽ ചേർന്നു. നൗജിഷയുടെ ജീവിസ്ഥിതി അറിയാവിന്ന ട്രെയ്‌നിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് നൗജിഷയിൽ നിന്ന് ഫീസ് ഈടാക്കിയിരുന്നില്ല. സമൂഹത്തോടുള്ള വാശിയെന്ന പോലെ നൗജിഷയെ സ്വന്തം കാലിൽ നിർത്താനായി ഒരു ജോലി നേടികൊടുക്കുക എന്ന ഒറ്റ ലക്ഷ്യമേ അവർക്ക് മുന്നിലുണ്ടായിരുന്നുള്ളു.
പിന്നീട് നൗജിഷയുടെ മനസിൽ പഠനമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. പല പിഎസ്‌സി പരീക്ഷകളും നൗജിഷ എഴുതി. എല്ലാം ചെറിയ മാർക്കിന്റെ വത്യാസത്തിൽ നൗജിഷയുടെ കൈപിടിയിൽ നിന്ന് വഴുതിപ്പോയി. നാല് പൊലീസ് പരീക്ഷ നൗജിഷയ്ക്ക് കിട്ടി. തൃശൂരിലേതിന് ഒന്നാം റാങ്കായിരുന്നു, എറണാകുളത്തേതിൽ എട്ടാം റാങ്കും. കാസർഗോട്ടെതിന് ഫിസിക്കൽ ടെസ്റ്റിലാണ് പുറത്ത് പോയത്. ഒടുവിൽ പൊലീസ് സേനയിലേക്ക് തന്നെ നൗജിഷയ്ക്ക് നാലാം തവണ കിട്ടി.
പൊലീസ് ടെസ്റ്റിൽ പാസാകാനായി ഫിറ്റ്‌നസ് ട്രെയ്‌നിംഗ് ഉൾപ്പെടെ നൗജിഷയ്ക്ക് സുഹൃത്തുക്കൾ നൽകി. ആദ്യം ഒന്നും രണ്ടും റൗണ്ടിൽ മാത്രം ഓടിത്തളർന്ന നൗജിഷ പിന്നീട് പത്തും പന്ത്രണ്ടും റൗണ്ടുകൾ ഓടി കരുത്ത് തെളിയിച്ചു. സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് പോലും ഹൈജംപ്, ലോംഗ് ജംപ് എന്നിവ ചെയ്യാത്ത നൗജിഷ പൊലീസ് ട്രെയ്‌നിംഗിന്റെ ഭാഗമായി ഇതെല്ലാം അഭ്യസിച്ചു.ആഗ്രഹവും പരിശ്രമവും പാഴായില്ല. സ്വപ്‌നം കണ്ട പൊലീസ് യൂണിഫോം കൈപിടിയിലൊതുക്കി നൗജിഷ.
ഞായറാഴ്ച തൃശൂർ രാമവർമപുരം പൊലീസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽവെച്ച് 446 പോലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ് പൂർത്തിയായപ്പോൾ അതിൽ നൗജിഷയുമുണ്ടായിരുന്നു. പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് തന്റെ മകനെ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കുന്ന വിഡിയോ കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വന്നതോടെ നിരവധി പേരാണ് നൗജിഷയ്ക്ക് അഭിനന്ദനവുമായി എത്തിയത്. നാളെ കണ്ണൂരിലെ എആർ ക്യാമ്പിൽ നൗജിഷ റിപ്പോർട്ട് ചെയ്യും. മറ്റന്നാൾ തിരുവനന്തപുരത്തേക്കും പോകും. ഇനി ആരുടെ മുന്നിലും മുട്ടുമടക്കാനോ, കരയാനോ നൗജിഷയെ കിട്ടില്ല. തലയയുർത്തി നിന്ന് ജീവിക്കും…മകന് വേണ്ടി അവനാഗ്രഹിക്കുന്ന ജീവിതം കെട്ടിപ്പടുക്കും….തന്നെ പോലെ വേദനിക്കുന്ന സ്ത്രീകൾക്ക് ആശ്രയമാകും…
Story Highlights: noujisha civil police officer life story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here