കൂളിമാട് പാലം; അന്വേഷണ റിപ്പോര്‍ട്ട് വരുന്നതിനുമുമ്പ് നിര്‍മാണം പുനരാരംഭിക്കേണ്ട: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് ജില്ലയിലെ കൂളിമാട് പാലത്തിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുന്‍പ് പാലത്തിന്റെ പ്രവൃത്തി പുനരാരംഭിക്കേണ്ടതില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. തൃക്കാക്കരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത് വകുപ്പിന്റെ ആഭ്യന്തര വിജിലന്‍സ് സംഘമാണ് സംഭവം അന്വേഷിക്കുന്നത്. നിര്‍മാണത്തിന്റെ സാങ്കേതിക വശം ഉള്‍പ്പെടെ എല്ലാം വിശദമായി അന്വേഷിക്കേണ്ടതുണ്ട്. റിപ്പോര്‍ട്ട് വന്നതിനു ശേഷം മാത്രമാണ് പണി പുനരാരംഭിക്കേണ്ടത്. ഇക്കാര്യം തുടക്കത്തിലേ വ്യക്തമാക്കിരിയിരുന്നു. അവിടെ ബീം മാറ്റലുള്‍പ്പെടെ അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം മതി. അതിനു പിഡബ്ല്യൂഡി ചീഫ് എഞ്ചിനീയര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാലത്തിന്റെ തകര്‍ച്ച സംബന്ധിച്ച് കെആര്‍എഫ്ബിയുടെ ഒരു പ്രാഥമിക റിപ്പോര്‍ട്ട് കിട്ടിയിരുന്നു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആണ് അത് സമര്‍പ്പിച്ചത്. എന്നാല്‍ അത് മാത്രം അംഗീകരിച്ച് പോവുകയല്ല ചെയ്തത്. വിപുലീകരിച്ചു ആഭ്യന്തര വിജിലന്‍സ് സംഘത്തെ ഏല്‍പ്പിക്കുകയാണ് ചെയ്തത്. കഴിഞ്ഞ ആറു മാസത്തിനിടെ നിരവധി തെറ്റായ പ്രവണതകള്‍ അവര്‍ അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് റോഡിന്റെ പരിപാലന കാലാവധി പരസ്യപ്പെടുത്തുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത് ഒരു ജില്ലയില്‍ ഈ അന്വേഷണ സംഘം കണ്ടെത്തിയ ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ്. പൊതുമരാമത്ത് വകുപ്പിനെ സംബന്ധിച്ച് മെറിറ്റ് ആണ് പ്രധാനമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
Story Highlights: Coolimad Bridge; Construction should not be resumed before the inquiry report comes out: Minister Mohammad Riyaz
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here