പി.സി.ജോര്‍ജ് നാളെ ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല; ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഹാജരാകാന്‍ കഴിയില്ലെന്ന് മറുപടി

അനന്തപുരി മതവിദ്വേഷക്കേസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ അസൗകര്യം അറിയിച്ച് പി.സി.ജോര്‍ജ് മറുപടി അയച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഹാജരാകാന്‍ കഴിയില്ലെന്ന് പി.സി.ജോര്‍ജ് അറിയിച്ചു. ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കമെന്ന് ആവശ്യം. തിരുവനന്തപുരം ഫോര്‍ട്ട് എസിപിക്കാണ് പി.സി.ജോര്‍ജ് മറുപടി അയച്ചത്.
തന്റെ അറസ്റ്റില്‍ നാളെ തൃക്കാക്കരയില്‍ മറുപടി നല്‍കുമെന്ന പി.സി.ജോര്‍ജിന്റെ വെല്ലുവിളി നിലനില്‍ക്കെ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കുകയായിരുന്നു. പൊലീസ് പി.സി.ജോര്‍ജിന് ഇന്നാണ് നോട്ടീസ് നല്‍കിയത്. ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹാജരാകേണ്ടത്. നാളെ രാവിലെ 11 മണിക്ക് ഫോര്‍ട്ട് എ സി ഓഫിസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ചോദ്യം ചെയ്യലുമായി സഹകരിക്കണം എന്നതാണ് ജോര്‍ജിന് ജാമ്യം നല്‍കിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയത്. നാളെ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാവുകയാണെങ്കില്‍ ജോര്‍ജിന് തൃക്കാക്കരയില്‍ എത്താനാവില്ലെന്ന് വ്യക്തമാണ്.
Read Also: പിണറായി വിജയനുള്ള മറുപടി മറ്റന്നാള്‍ കൊടുക്കും; പി സി ജോര്‍ജ്
അഭിഭാഷകരുമായി ആലോചിച്ച ശേഷം മാത്രമേ ചോദ്യം ചെയ്യിലിന് ഹാജാരാകുന്ന കാര്യത്തില്‍ തീരുമാനമെടുക്കുവെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നു. തൃക്കാക്കര തെരഞ്ഞെടുപ്പില്ലായിരുന്നുവെങ്കില്‍ ഈ കേസ് ഉണ്ടാകില്ലെന്ന തങ്ങളുടെ വാദം ശരിവക്കുന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന നടപടി. തൃക്കാക്കര സ്റ്റണ്ട് ആണ് ഇപ്പോള്‍ നടക്കുന്നത്. തൃക്കാക്കരയില്‍ പി.സി.ജോര്‍ജ് സംസാരിക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെങ്കില്‍ ഏഴു മണിക്കെങ്കിലും അങ്ങോടേയ്ക്ക് തിരിക്കേണ്ടി വരും. വൈകുന്നേരം തിരിച്ചെത്തുമ്പോള്‍ ഏഴുമണിയെങ്കിലും കഴിയും. ഇത് കണക്ക് കൂട്ടി തന്നെയാണ് നാളെ ചോദ്യം ചെയ്യലിന് വിളിച്ചിരിക്കുന്നതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പി.സി.ജോര്‍ജ് അന്വേഷണ സംഘത്തിന് മറുപടി നല്‍കിയത്.
Story Highlights: PC George may not appear for questioning tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here